കായംകുളം: കൃഷ്ണപുരം ഞക്കനാലിൽ വീടു കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.
കറുതത്തറയിൽ ബഷീറിന്റെ വീടിന്റെ മുൻവശത്തെ ഡോർ പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽനിന്നു 20 പവൻ സ്വർണാഭരണങ്ങളും 5,000 രൂപയും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് വീട്ടിൽനിന്നു കൃഷ്ണപുരം കാപ്പിൽ കിഴക്ക് അശ്വിൻ ഭവനത്തിൽ താമസിക്കുന്ന സ്പൈഡർ സുനിൽ ( സുനിൽ -44), പത്തിയൂർ എരുവ മൂടയിൽ ജംഗ്ഷനു സമീപം വേലൻ പറമ്പിൽ സഫർ (സഫറുദ്ദീൻ – 37) എന്നിവരാണ് പിടിയിലായത്.
കമ്പിപ്പാര ഉപയോഗിച്ച് പ്രധാന വാതിൽ കുത്തിത്തുറന്നാണ് സുനിൽ മോഷണം നടത്തിയത്.ഉടമസ്ഥനായ ബഷീർ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു മോഷണം.
സുനിൽ മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ വിൽക്കുന്നത് രണ്ടാം പ്രതിയായ സഫറിനാണെന്ന് പോലീസ് കണ്ടെത്തി. ഓച്ചിറ, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിലും കട്ടച്ചിറയിലും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവ പരിശോധിച്ചായിരുന്നു അന്വേഷണം. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വച്ച് രാത്രിയിൽ ഒറ്റയ്ക്ക് മോഷണം നടത്തുന്നതാണ് സ്പൈഡർ സുനിലിന്റെ രീതി.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പോലീസുകാരായ ദീപക് ജി, വിഷ്ണു എസ്. നായർ, കെ.ഇ. ഷാജഹാൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.