എലിയെ പിടിക്കാൻ ഇല്ലം ചുടുകയെന്ന പഴമൊഴി ഏവർക്കും സുപരിചിതമാണ്. എന്നാൽ ഈ പഴമൊഴി ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. എലിക്കു പകരം എട്ടുകാലിയെ പിടിക്കുവാനായിരുന്നുവെന്നു മാത്രം.
കാലിഫോർണിയയിലെ ഫ്രെസ്നോ സ്വദേശിയായ ഇരുപത്തിമൂന്നു വയസുകാരനാണ് എട്ടുകാലികളെ തുരത്താൻ വീടിനു തീയിട്ടത്. എട്ടുകാലികൾ കൂട്ടമായി ഇരിക്കുന്ന സ്ഥലത്ത് ചെറുതായി തീയിട്ടെങ്കിലും പിന്നീട് അത് ആളിപടരുകയായിരുന്നു.
തലനാരിഴയ്ക്കാണ് അദ്ദേഹം അപകടത്തിൽ നിന്നും രക്ഷപെട്ടത്. മാത്രമല്ല വീടിന്റെ രണ്ടാം നില പൂർണമായും കത്തി നശിക്കുകയും ചെയ്തു. 26 ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ഈ തീയണയ്ക്കുവാൻ സാധിച്ചത്. ഏകദേശം ഏഴര ലക്ഷം രൂപയുടെ നഷ്ടം ഈ വീടിനുണ്ടായിട്ടുണ്ട്.