ദേ, ഒരു എട്ടുകാലി! കേൾക്കേണ്ട താമസം മനു ചൂലെടുക്കാൻ അടുക്കളയിലേക്ക് ഒാടി. ചൂലുമായി വന്ന് എട്ടുകാലിയെ തലങ്ങും വിലങ്ങും അടിച്ചു.
അതൊന്നു ചത്തു കഴിഞ്ഞപ്പോൾ മനുവിന് ആശ്വാസമായി. ചപ്പുകോരിയെടുത്ത് എട്ടുകാലിയെ അതിനകത്താക്കി വീടിന് പുറത്തേക്ക് കളഞ്ഞപ്പോഴാണ് മനുവിന് ആശ്വാസമായത്.
ഇത് ഒരു വീട്ടിൽ നടക്കുന്ന കാര്യമല്ല, പല വീടുകളിലും നടക്കുന്നതാണ്. എട്ടുകാലി എന്നു കേൾക്കുന്പോഴേ നമ്മുടെ ഉള്ളിൽ ഭയത്തിന്റെ അലാറം മുഴങ്ങും.
അറിയാതെയെങ്ങാനും ഇവറ്റകൾ കടിച്ചാലോ, ഹോ ഒാർക്കാൻകൂടി വയ്യ… ശരീരമൊക്കെ ചീഞ്ഞളിഞ്ഞ് ആകെ അസ്വസ്ഥയായി…. ഈ പറഞ്ഞതെല്ലാം നമ്മുടെ നാട്ടിലെ എട്ടുകാലികളെക്കുറിച്ചാണ്.
അടുത്തേക്കു പോലും പോകല്ലേ..
പക്ഷേ അങ്ങ് ഒാസ്ട്രേലിയയിലൊക്കെ കാണുന്ന പ്രത്യേകതരം ഒരു എട്ടുകാലിയുണ്ട്. എന്റമ്മോ, അതിന്റെ അടുത്തേക്ക് പോലും പോയേക്കരുതെന്നാണ് അവിടുത്തുകാർ പറയുന്നത്. വിഷം ഉള്ളിൽ ഒളിപ്പിച്ച അതിഭീകരനാണവൻ.
ലോകത്തിലെ ഏറ്റവും കുപ്രസിദ്ധരായിട്ടുള്ള എട്ടുകാലി വർഗം. ഈ ഭീകര വർഗത്തെ അറിയപ്പെടുന്നത് സിഡ്നി ഫണൽ വെബ് സ്പൈഡറുകൾ എന്നാണ്. എട്ടുകാലികള്‍ ഉള്‍പ്പെടുന്ന ആരാക്നിഡ് വിഭാഗത്തില്‍ പെട്ടതാണ് ഇവകൾ.
ഇത്തരം എട്ടുകാലികൾ കടിച്ചാൽ നമ്മുടെ ശരീരത്തിൽ കയറുന്നത് മാരകവിഷമാണ്. ഈ വിഷത്തിന് ഒരു മനുഷ്യനെ കൊല്ലാനുള്ള ശക്തിയുണ്ടെന്നോർക്കണം. ഇതാണ് സിഡ്നി ഫണൽ എട്ടുകാലികളുടെ പ്രത്യേകത.
ആണാണ് അപകടകാരി
മറ്റൊരു പ്രത്യേകത ഇത്തരം എട്ടുകാലികളിൽ വിഷം കൂടുതലുള്ളത് ആൺ വർഗത്തിൽപ്പെട്ട എട്ടുകാലികൾക്ക് ആണത്രേ.
പെൺ വർഗത്തിൽപ്പെട്ട എട്ടുകാലികൾക്ക് താരതമ്യേന ആൺവർഗത്തിനേക്കാൾ വിഷം കുറഞ്ഞുനിൽക്കുന്നത് എന്താണെന്നത് ശാസ്ത്രജ്ഞൻമാരെപ്പോലും അന്പരപ്പിക്കുന്നു.
ഈ എട്ടുകാലികൾ മനുഷ്യരിലേക്ക് കുത്തി വയ്ക്കുന്നത് ഡെല്‍റ്റാ ഹെക്സാ ടോക്സിനുകള്‍ എന്ന മാരക വിഷമാണ്.
ഈ വിഷം ഒരു മനുഷ്യന്റെ ശരീരത്തിൽ പതിച്ചാൽ അവരുടെ നാഡീവ്യവസ്ഥയെ നേരിട്ടു ബാധിക്കും. ഇതോടൊപ്പം വിഷമേറ്റയാൾ മരണത്തിലേക്കും നടക്കും.
തീർന്നില്ല, വിഷത്തിന്റെ ഫലമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സ്രവങ്ങള്‍ പുറത്തു വരും. മസിലുകള്‍ ദുര്‍ബലമാകും. ശ്വാസതടസം നേരിടും.
ഇവറ്റകളെക്കുറിച്ച് കൂടുതൽ അറിയാൻ നാളെയും വായിക്കുക…
(തുടരും)