തിരുവല്ല: സംസ്ഥാന സർക്കാർ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്റെ ഭാവിയെപ്പോലും അപകടത്തിൽപെടുത്തുന്ന സ്പിരിറ്റ് തിരിമറിയെ സംബന്ധിച്ച് വ്യക്തമായ സൂചനയുമായി അന്വേഷണ സംഘം.
ഏറെ നാളുകളായി നടന്നുവരുന്ന സ്പിരിറ്റ് തിരിമറിയാണ് ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുന്നതെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിനുള്ള ശിപാർശ ലോക്കൽ പോലീസ് നല്കിയെങ്കിലും തുടർ അന്വേഷണം തടസപ്പെടുമെന്ന് ആശങ്ക.
മുന്പ് പഞ്ചസാര ഉത്പാദന കേന്ദ്രമായിരുന്ന പുളക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് കരിന്പിന്റെ ലഭ്യതക്കുറവിൽ ഉത്പാദനം നിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇതു പിന്നീട് സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ തന്നെ മദ്യ ഉത്പാദനത്തിനായി തുറന്നു കൊടുത്തു. ജവാൻ റമ്മാണ് ഇവിടെ ഉത്പാദിപ്പിച്ചുവന്നത്.
ഇതിന് ഏറെ വില്പനയുണ്ട്. എന്നാൽ ഏറെനാളായി ജവാൻ റമ്മിന്റെ ലഭ്യതക്കുറവ് വിപണിയിലുണ്ടായിരുന്നതായി പറയുന്നു. ഉത്പാദനം കുറച്ചുകൊണ്ടുവരാൻ ഗൂഢനീക്കം ആരംഭിച്ചിരുന്നുവെന്നതിന്റെ സൂചനയാണ് ഇതു നൽകുന്നത്.
പൊതുമേഖലയിൽ ഉത്പാദിപ്പിക്കുന്ന ഈ ബ്രാൻഡിനെ ഇല്ലായ്മ ചെയ്ത് വിപണി പിടിച്ചടക്കാൻ ചില നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്ന സംശയവുമുണ്ട്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്പിരിറ്റ് തിരിമറി കണ്ടെത്തിയത്. ഇതോടെ ഉത്പാദനം നിർത്തിവച്ച് പരിശോധനകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ വിദേശമദ്യ ഉത്പാദനം നടത്തിവന്ന ഏക പൊതുമേഖലാ സംരംഭമാണ് പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്.
2001 ലാണ് കന്പനി ജവാൻ റം വിപണിയിലിറക്കുന്നത്. കമ്മീഷൻ കുറവാണെന്നു പറഞ്ഞ് ബിവറേജസ് കോർപറേഷൻ തന്നെ ആദ്യം ഇതിനു പാര പണിതു.
എന്നാൽ 2006ൽ എൻ. ശങ്കർ റെഡ്ഡി ബിവറേജസ് കോർപറേഷൻ എംഡി ആയതോടെ കേരളത്തിന്റെ സ്വന്തം ബ്രാൻഡിന് വിപണി കണ്ടെത്തണമെന്ന നിർദേശം അംഗീകരിച്ചു.
ബിവറേജസ് കോർപറേഷന്റെ എല്ലാ ഷോപ്പിലും കുറഞ്ഞത് 40 കെയ്സ് ജവാൻ മദ്യം എടുത്തിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതോടെ വിപണിയിൽ ജവാൻ റം ലഭ്യമായിത്തുടങ്ങി.
ആവശ്യക്കാരുമേറി. കുറഞ്ഞവിലയ്ക്ക് കൂടിയ ലഹരി എന്നതാണ് ഇതിനെ ഏറെ ആകർഷണീയമാക്കിയത്. ഒരു ലിറ്ററിന് 600 രൂപയാണു വില. പ്രതിദിനം 8000 കെയ്സ് മദ്യം ഉത്പാദിപ്പിച്ചിരുന്നു.
സ്പിരിറ്റ് കൊണ്ടുവരുന്ന വഴി
പ്രതിമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് വിദേശമദ്യ നിർമാണത്തിനായി പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കെത്തിക്കൊണ്ടിരുന്നത്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കരാർ വിളിച്ചാണ് ഇവ എത്തിച്ചിരുന്നത്. കുറഞ്ഞ തുക എഴുതുന്ന ട്രാൻസ്പോർട്ടിംഗ് കന്പനിക്കാണ് സ്പിരിറ്റ് എത്തിക്കാനുള്ള ചുമതല.
സ്പിരിറ്റ് പുളിക്കീഴിൽ എത്തിക്കേണ്ടതും ട്രാൻസ്പോർട്ടിംഗ് കന്പനിയാണ്. എന്നാൽ സ്പിരിറ്റ് എവിടെനിന്നു വാങ്ങുന്നുവെന്നോ തുക എത്രയെന്നോ കരാർ കന്പനി അറിയാറില്ല.
ഇത്തവണ മധ്യപ്രദേശിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ എത്തിച്ച സ്പിരിറ്റിൽ 20687 ലിറ്റർ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തിയതോടെയാണ് തിരിമറി ശ്രദ്ധയിൽപെട്ടത്.
ജനറൽ മാനേജരടക്കം ഏഴുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇതിനിടെ ദീർഘകാലമായി സ്പിരിറ്റ് തിരിമറി നടന്നിരുന്നുവെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചു.
പെർമിറ്റിൽ രേഖപ്പെടുത്തിയ അളവിലും കുറവാണ് എത്തുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതു മറച്ചുവച്ചിരുന്നതായും പറയുന്നു.
തട്ടിപ്പ് മുന്പും നടന്നിട്ടുള്ളതായി അറസ്റ്റിലായ ടാങ്കർ ലോറി ഡ്രൈവർമാർ അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആറു മാസത്തിനിടെ 50,000 ലിറ്റർ സ്പിരിറ്റ് മോഷ്ടിച്ചെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച സ്പിരിറ്റ് ലിറ്ററിന് അന്പതു രൂപ നിരക്കിൽ വിറ്റെന്നാണ് കരുതുന്നത്.
സ്പിരിറ്റ് ചോർത്തലിലെ സാങ്കേതിക വൈഭവം
ട്രാവൻകൂർ ഷുഗേഴ്സിലേക്ക് സ്പിരിറ്റുമായി എത്തുന്ന ലോറികൾക്ക് ഇ ലോക്ക് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലാണ് ലോറിയുടെ യാത്രയെന്നാണ് പറയുന്നത്.
പക്ഷേ ഇതിൽ വേണ്ടത്ര പരിശോധനകൾ ഇല്ലായിരുന്നുവെന്ന് വ്യക്തം. ഇ ലോക്ക് പൊളിക്കാതെയാണ് സ്പിരിറ്റ് മാറ്റിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
മാറ്റിയ സ്പിരിറ്റിനു പകരമായി മറ്റെന്തെങ്കിലും നിറച്ചിട്ടുണ്ടോയെന്നാണ് സംശയം. കന്പനിയിൽ എത്തിക്കുന്ന സ്പിരിറ്റിലെ അളവിലും കുറവുണ്ടാകാതെ കണക്ക് സൂക്ഷിച്ചിരുന്നു.
വെള്ളം കലർത്തിയാണ് സ്പിരിറ്റ് അളവ് കൃത്യമാക്കിയിരുന്നതെന്ന് സംശയിക്കുന്നു. എന്നാൽ പുളിക്കീഴിലും തിരുവനന്തപുരത്തുമായി നടക്കുന്ന ഗുണനിലവാര പരിശോധനയിൽ ഇതു ശ്രദ്ധയിൽപെട്ടിട്ടില്ലേയെന്നതും സംശയം ജനിപ്പിക്കുന്നു.
വ്യാഴാഴ്ച അറസ്റ്റിലായ അക്കൗണ്ടന്റ് അരുണ്കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് സ്പിരിറ്റ് ചോർത്തി നൽകിയതെന്നാണ് ഡ്രൈവർമാരുടെ മൊഴി.
മധ്യപ്രദേശിലെ ഫാക്ടറിയിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള സേന്തുവായിലെ ലോറി നിർത്തിയിടുന്ന സ്ഥലത്ത് അബ്ബു എന്നയാളെത്തി സ്പിരിറ്റ് വാങ്ങിയെന്നാണ് ഡ്രൈവർമാർ നൽകിയിരിക്കുന്ന മൊഴി.
രണ്ട് വാഹനങ്ങളിൽ നിന്ന് മാത്രമാണ് സ്പിരിറ്റ് ഉൗറ്റിയെടുത്തത്. വാഹനങ്ങളിൽ നിന്ന് സ്പിരിറ്റ് ഊറ്റി വിറ്റ വകയിൽ ലഭിച്ച 10.28 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
വാഹനങ്ങളുടെ ഇ ലോക്ക് സംവിധാനം തിരുവനന്തപുരത്തുനിന്നെത്തിയ ഉന്നതതലസംഘം ഇന്നലെ വീണ്ടും പരിശോധിച്ചു.