തിരുവനന്തപുരം: അബിയുടെ സ്പിൻ മികവിനു മുന്നിൽ ബാറ്റ്സ്മാൻമാർ പതറുന്നു. വിക്കറ്റുകൾ കടപുഴകുന്നു. 14 വയസിൽ താഴെയുള്ളവരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ വിദ്യാർഥിയായ അബി ബിജു കേരളത്തിനുവേണ്ടി മിന്നും പ്രകടനം നടത്തി വിക്കറ്റ് വേട്ടയിൽ ഒന്നാമനായി. അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ ഈ വർഷം 18 വിക്കറ്റാണ് ഈ ഇടംകൈയ്യൻ സ്പിന്നർ സ്വന്തമാക്കിയത്.
ഒരിന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടത്തിനും അബി അർഹനായി. ഗോവയിൽ നടന്ന സൗത്ത് സോണ്‍ മത്സരത്തിൽ ഹൈദ്രാബാദിനെതിരേയാണ് അബിയുടെ അഞ്ചു വിക്കറ്റ് നേട്ടം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സായി പരിശീലന കേന്ദ്രത്തിൽ പ്രാക്ട്ീസ് നടത്തുന്ന അബി ഭാവിയിലേയ്ക്കുള്ള മികച്ച താരമെന്നു ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.
സായ് കോച്ചിംഗ് സെന്ററിൽ ബിജു ജോർജിന്റെ കീഴിലാണ് അഞ്ചു വർഷമായി പരിശീലനം നടത്തുന്നത്.
കൂടാതെ ഈ സീസണിൽ ജില്ലാതല മത്സരത്തിൽ തിരുവനന്തപുരത്തിനു വേണ്ടി 24 വിക്കറ്റുകൾ നേടി. തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിനുവേണ്ടി അണ്ടർ 14 ടീമിൽ അബി അംഗമാകുന്നത്. തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അബി ബിജു. അബിയുടെ പിതാവ് ബിജു പരമേശ്വരൻ.സെന്റ് തോമസ് സ്കൂൾ ജീവനക്കാരനാണ്. മാതാവ് ജെൻസി ബിജു. സഹോദരൻ അലൻ.