ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്. പേസർ ജസ്പ്രീത് ബുംറയെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. 870 പോയിന്റാണ് അശ്വിന്.
ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് 847 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത്രയും പോയിന്റുള്ള ബുംറ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ അശ്വിനായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. 26 വിക്കറ്റ് പരന്പരയിൽ അശ്വിൻ സ്വന്തമാക്കി. ഈ പ്രകടനമാണ് ലോക ഒന്നാം റാങ്കിലേക്ക് ഈ ഓഫ് സ്പിന്നറെ എത്തിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 36-ാം അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ അശ്വിൻ റിക്കാർഡ് കുറിച്ചിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റിക്കാർഡാണ് മുൻ താരം അനിൽ കുംബ്ലെയെ പിന്തള്ളി അശ്വിൻ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഓസ്ട്രേലിയയുടെ ഷെയ്ൻ വോണ് (37), ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (67) എന്നിവർ മാത്രമേ ഇനി അശ്വിനു മുന്നിലുള്ളൂ.
15 സ്ഥാനം മുന്നേറി കുൽദീപ് യാദവ് 16-ാം റാങ്കിലെത്തി. കുൽദീപിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണ്. ഏഴാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ ഇരുപതിനുള്ളിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ.
രോഹിത്, ജയ്സ്വാൾ
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ നേട്ടമുണ്ടാക്കി. രോഹിത് ശർമ അഞ്ച് സ്ഥാനം മുന്നേറി ആറാം റാങ്കിലെത്തി. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റാങ്കും രോഹിത്തിനാണ്.
യശസ്വി ജയ്സ്വാൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടിലെത്തി. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽനിന്ന് വിട്ടുനിന്ന വിരാട് കോഹ്ലി ഒരു സ്ഥാനമിറങ്ങി ഒന്പതിലാണ്. ശുഭ്മാൻ ഗില്ലും റാങ്കിംഗിൽ മുന്നേറ്റം നടത്തി. 11 സ്ഥാനം മുന്നേറിയ ഗിൽ നിലവിൽ 20-ാം റാങ്കിലാണ്.