വിയ്യൂർ: പുതിയ അധ്യയനവർഷത്തിൽ സർക്കാർ സ്കൂളുകളിലേക്കുള്ള യൂണിഫോം കേരളത്തിലെ മൂന്നു ജയിലുകളിൽ നിന്നെത്തും. ജയിൽ കൈത്തറി യൂണിറ്റിൽ നിന്നാണ് അടുത്ത അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്ക് യൂണിഫോമുകൾ നെയ്ത് എത്തിക്കുക. വിയ്യൂർ ജയിലിലും ഇതിനുള്ള ഒരുക്കങ്ങളായി. ഇതുവഴി ജയിൽ കൈത്തറി യൂണിറ്റിന് പുതുജീവൻ കൈവന്നിരിക്കുകയാണ്. സംസ്ഥാനത്തെ മൂന്നു ജയിലുകളിലിൽ നിന്നാണ് കേരളത്തിലെ സർക്കാർ സ്കൂളുകളിലേക്ക് ആവശ്യമായ കൈത്തറി യൂണിഫോമുകൾ ഉത്പാദിപ്പിക്കാൻ അനുമതിയായിട്ടുള്ളത്.
ഒരു വിദ്യാർഥിക്ക് രണ്ട് യൂണിഫോം എന്ന നിലയക്ക് 24 ലക്ഷം മീറ്റർ തുണിയാണ് വേണ്ടി വരുന്നത്. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഇവ കേരളത്തിൽ തന്നെ ഉത്പാദിക്കാനുള്ള സൗകര്യമൊരുക്കുകയാണ് സർക്കാരിന്റെ തീരുമാനം.
ജയിലിൽ ജിവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരായ മുതിർന്ന ആളുകളാണ് കൈത്തറി നെയ്ത്തുശാലയിൽ ഉള്ളത്. എന്നാൽ ആധുനിക തറികളിൽ പരീശിലനം ലഭിച്ചവർ കുറവാണ്. യുവാക്കളയ തടവുകാർ നെയ്ത്തുരംഗത്തേക്ക് വരാൻ മടിക്കുകയാണ്. യുവതടവുകാരുടെ അഭിരുചിക്ക് അനുസരിച്ച് പുതിയ നെയ്ത്തു സംവിധനങ്ങൾ ഒരുക്കാൻ തയ്യാറാകണമെന്നാണ് നെയ്ത്തുശാലയിൽ ജോലി ചെയ്യുന്ന മുതിർന്ന തടവുകാരടക്കമുള്ളവർ പറയുന്നത്. കൈത്തറിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം, വിലക്കയറ്റം എന്നിവ ജയിൽ നെയ്ത്തുശാലയിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ജയിലിലെ അന്തേവാസികൾക്കുള്ള യൂണിഫോമുകൾ ഇപ്പോൾ ജയിലിൽ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. 500 പേർക്കാണ് ഇത്തരത്തിൽ ജയിൽ യൂണിഫോം തയ്യാറാക്കുന്നത്. എന്നാൽ തടവു കാരുടെ എണ്ണം 800 കവിഞ്ഞിരിക്കുകയാണ്. സബ് ജയിലിലേക്കുള്ള യൂണിഫോമുകളും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. ഇവർക്ക് നാലു ജോഡിവരെ ജയിൽ യൂണിഫോം വേണം. ജില്ല വ്യവസായ വകുപ്പ് അധികൃതർ ജയിൽ സന്ദർശിച്ച ശേഷം ആധുനിക രീതിയിലുള്ള കൈത്തറി നെയ്ത്തു യന്ത്രങ്ങൾ വാങ്ങിക്കാനുള്ള തീരുമാനം കൈക്കൊള്ളും.
നിലവിൽ 30 ഓളം യന്ത്രങ്ങൾ ജയിലിൽ ഉണ്ടെങ്കിലും ഇവയിൽ പലതും പ്രവർത്തനസജ്ജമല്ല. പുതിയ യന്ത്രങ്ങൾ വാങ്ങുന്നതോടൊപ്പം പഴയ യന്ത്രങ്ങളുടെ അറ്റകുറ്റപണികൾ നടത്തുകയും ചെയ്യണം. അസി.ജയിൽ സ്ൂപ്രണ്ട് യോഹന്നാനാണ് കൈത്തറി യൂണിറ്റിന്റെ ചുമതല. 23 തടവുകാർ കൈത്തറി മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ‘
കഴിഞ്ഞ ദിവസം ജയിൽ സന്ദർശിച്ച മന്ത്രി എ.സി.മൊയ്തീൻ കൈത്തറി യൂണിറ്റിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകിയിട്ടുണ്ട്. ജയിൽ ചപ്പാത്തി, ബേക്കറി ഉത്പന്നങ്ങൾ, പച്ചക്കറികൾ, മാംസം, വെട്ടുകല്ലുകൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കു പുറമെ ജയിൽ കൈത്തറി ഉത്പന്നങ്ങൾക്കും ഡിമാന്റുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജയിൽ അധികൃതർ. ജയിൽ പറന്പിൽ മാസം രണ്ടുലക്ഷം രൂപ വാടക ലഭിക്കുന്ന പെട്രോൾ പന്പുകൂടി വരുന്നതോടെ ജയിലിന്റെ മുഖച്ഛായ തന്നെ മാറും.