ചാത്തന്നൂർ: വിരമിച്ചിട്ട് ഒരു വർഷമായി. 32 വർഷം പഞ്ഞിയുടെ പൊടി ശ്വസിച്ച് രോഗിയായതാണ്. ഇനി മറ്റൊരു ജോലിയ്ക്കും പോകാനാവില്ല. ഇത്ര കാലമായിട്ടും ഞങ്ങൾ ജോലി ചെയ്തു പണം അടച്ച ആനുകുല്യങ്ങൾ പോലും കിട്ടുന്നില്ല.
ഒരു രൂപ പോലുമില്ലാതെ ദുരിതത്തിലാണ്. ആനുകൂല്യങ്ങൾ കിട്ടുമ്പോൾ പെൺമക്കളുടെ വിവാഹം നടത്താമെന്നത് ഉൾപ്പെടെയുള്ള സ്വപ്നങ്ങൾ വൃഥാവിലായി. ഈ കൊറോണ കാലത്ത് പോലും മരുന്നു വാങ്ങാൻ പോലും ഒരു നിവൃത്തിയുമില്ല.
കാരംകോട് കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിൽ നിന്നും 32 വർഷത്തെ ജോലിയ്ക്ക് ശേഷം വിരമിച്ച തൊഴിലാളിയുടെ സങ്കടങ്ങൾ അണ പൊട്ടി. വാക്കുകൾ ഇടറി. ഈ തൊഴിലാളിയെപ്പോലെ ദുരിതം അനുഭവിക്കുന്ന 96 പേരുകുടിയുണ്ട്.
വിശ്രമ ജീവിതകാലത്ത് മാനസിക സമ്മർദത്തിനടിമകളായി. കഴിഞ്ഞ വർഷം മേയ് മാസത്തിൽ വിരമിച്ചവർക്ക് ഒരു വർഷമായിട്ടും ഒരു പൈസ പോലും ഇതുവരെ കിട്ടിയിട്ടില്ല.രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ ഗ്രാറ്റിവിറ്റി ഇനത്തിൽ കിട്ടേണ്ടതാണ്.
ഒരു വർഷത്തെ ശമ്പളത്തിൽ നിന്നും 15 ദിവസത്തെ ശമ്പളം കരുതൽ തുകയായി പിടിച്ചതാണ്. ഇത് തൊഴിലാളികൾക്ക് കൃത്യമായി ലഭിക്കുന്നതിന് ആദ്യ കാലത്തെ മാനേജ്മെന്റ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ 1993-ൽ മാനേജ്മെന്റ് ഈ സംവിധാനം എടുത്തു മാറ്റി.
ഇത് വിരമിക്കുന്ന തൊഴിലാളികൾക്ക് തിരിച്ചടിയായി ഇത് നല്കാൻ മാനേജ്മെന്റ് തയാറാകുന്നില്ല.പിഎഫ്പെൻഷനും തൊഴിലാളികൾക്ക് കിട്ടുന്നില്ല. 2100 മുതൽ 3000 രൂപ വരെ പെൻഷനായി കിട്ടേണ്ടതാണ്. പിഎഫിൽ മാനേജ്മെന്റ് പണമടയ്ക്കാതെ കുടിശികയാക്കി.
ഇതോടെ പിഎഫ് പെൻഷനും വിരമിച്ചവർക്ക് ലഭിക്കാതെയായി. 25 മാസത്തെ കുടിശിക അടച്ചുതീർത്താൽ മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ. കുടിശിക മൂലം പിഎഫിൽ നിക്ഷേപിച്ച തുകയും എടുക്കാൻ കഴിയുന്നില്ല.
കൊറോണ കാലത്ത് ആശ്വാസമായി സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന 1000 രൂപ വീതം നല്കാകാൻ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും അതും കിട്ടാത്ത അവസ്ഥയാണ്. മാനേജ്മെന്റ് കുടിശിക വരുത്തിയത് തന്നെ കാരണം.
മില്ലിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി മാനേജ്മെന്റ് പറയുന്നത്. ഇതേ സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുമ്പോൾ തൊഴിലാളികൾക്ക് ശമ്പളം നല്കാതെയും മില്ല് പ്രവർത്തിപ്പിക്കാൻ കോട്ടൺ വാങ്ങാതെയും 3.5 കോടി രൂപ കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷന് കടം നല്കിയ സംഭവവും തൊഴിലാളികൾ ഓർമ്മിപ്പിച്ചു.
വിരമിച്ച തൊഴിലാളികൾക്ക് യാത്രയയപ്പ് നല്കാൻ പോലും മാനേജ്മെന്റ് തയാറാകാതിരുന്നതിന്റെ പ്രതിഷേധവും ദു:ഖവും തൊഴിലാളികളിൽ തികട്ടി. ആധുനികവത്ക്കരണത്തിന്റെ പേരിൽ മിൽ മാസങ്ങളായി അടച്ചിട്ടിരിക്കയാണ്.
നിലവിലുള്ള തൊഴിലാളികൾക്കും നിരവധി മാസത്തെ ശമ്പളം കുടിശികയാണ്. മറ്റൊരു വരുമാനവുമില്ലാത്ത അവരും ദുരിതത്തിലാണ്.