മീനടം: മീനടം പ്രിയദർശിനി സ്പിന്നിംഗ് മില്ല് ലേ ഓഫ് ചെയ്തു. അസംസ്കൃത വസ്തുവായ പരുത്തി വാങ്ങാൻ പണമില്ലെന്ന പേരിലാണു മീനടം മില്ല് അനിശ്ചിത കാലത്തേക്ക് അടയ്ക്കുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ശനിയാഴ്ച കന്പനി മാനേജർ പുറത്തിറക്കി.
ലേ ഓഫ് പ്രഖ്യാപിച്ചതോടെ ജീവനക്കാർക്കു പകുതി ശന്പളം മാത്രമേ ലഭിക്കുകയുള്ളു. എല്ലാമാസവും 15നും അവസാനദിവസവും കന്പനിയിലെത്തി ഒപ്പ് രേഖപ്പെടുത്തണം. രണ്ടുവർഷം മുന്പ ് ഏഴു മാസം കന്പനി അടച്ചിട്ടിരുന്നു. സ്ഥാപനത്തിലെ സ്ത്രീകളടക്കം ജീവനക്കാർ അന്നു വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കൊല്ലം സ്പിന്നിംഗ് മിൽ ആറു മാസമായി അടച്ചിട്ടിരിക്കുകയാണ്.
സംസ്ഥാനത്തെ എട്ട് സ്പിന്നിംഗ് മില്ലുകൾ അസംസ്കൃത വസ്തുക്കളുടെ കുറവുമൂലം ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. സംസ്ഥാനത്തെ മില്ലുകൾക്കു കഴിഞ്ഞ ഏപ്രിലിൽ അടിയന്തര സഹായമായി 21 കോടി രൂപ അനുവദിച്ചിരുന്നു. പ്രിയദർശിനി മില്ലിനുമാത്രം ആറുമാസത്തിനിടെ സർക്കാർ അനുവദിച്ചത് 2.57 കോടി രൂപയാണ്.
ആദ്യം 1,82,16,000 രൂപയും തുടർന്നു രണ്ടുഘട്ടമായി 50 ലക്ഷവും 25 ലക്ഷവും സർക്കാർ അനുവദിച്ചിരുന്നു. ആധുനിക യന്ത്രസംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന മില്ലാണു മീനടം മില്ല്. മില്ലിനു പൂട്ടുവീഴുന്നതോടെ 250ൽപരം ജീവനക്കാർ പെരുവഴിയിലാകും.
മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണു മില്ലുകളെ വലിയ നഷ്ടത്തിലേക്ക് തള്ളിവിടുന്നതെന്നു യൂണിയനുകൾ ആരോപിക്കുന്നു. യന്ത്രങ്ങൾ വാങ്ങുന്നതിനും പരുത്തിവാങ്ങുന്നതിലും വ്യാപക അഴിമതിയാണു നടക്കുന്നതെന്ന് ആരോപണമുണ്ട്. മിക്ക മില്ലുകളിലും ഗുണനിലവാരം കുറഞ്ഞ യന്ത്രസാമഗ്രികളാണു വാങ്ങിയതെന്നു വിജിലൻസിൽ പരാതിയുണ്ട്. പൊതുമരാമത്ത് വകുപ്പ് അനുമതിയില്ലാതെയാണു മിക്ക മില്ലുകളും സിവിൽ പ്രവൃത്തികൾ ചെയ്യുന്നതെന്നു പറയുന്നു.
അതേസമയം മില്ലുകളിലെ സിവിൽ വർക്കുകൾക്കു പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നു മാനേജ്മെന്റുകളുടെ വാദം. ഏതാനും പേർക്ക് ടെൻഡറിൽ പങ്കെടുക്കാവുന്ന തരത്തിലാണു വർക്ക് ഷെഡ്യൂളുകൾ തയാറാക്കുന്നതെന്നും ഇതു അഴിമതിക്കു വഴിവയ്ക്കുമെന്നും പറയുന്നു.
സംസ്ഥാനത്തെ 15 മില്ലുകളുടെ ചുമതലയുള്ള ആറ് എംഡിമാർക്കെതിരെ വിവിധ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ജനറൽ മാനേജർ, മാനേജിംഗ് ഡയറക്ടർ തസ്തികയിൽ ഇരിക്കുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കി 2016 ഒക്ടോബറിൽ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ആരും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നു പറയുന്നു.