തിരുവനന്തപുരം: കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള കരാര്‍ സ്പ്രിങ്ക്ളർ കമ്പനിക്കു നല്‍കിയതില്‍ വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
സ്പ്രിങ്ക്ളർ വിവാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച, മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന് നമ്പ്യാരും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഗുല്‍ഷന്‍ റോയിയും അടങ്ങിയ സമിതിയാണ് ഇന്നലെ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കരാറിനു മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാതിരുന്നതു വലിയ വീഴ്ചയായി സമിതി ചൂണ്ടിക്കാട്ടി.
കരാര്‍ വഴി 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിനു ലഭിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
കരാറുമായി ബന്ധപ്പെട്ട് എല്ലാ തീരുമാനവും എടുത്തതും ഒപ്പുവച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണെന്നും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വിവരച്ചോര്‍ച്ച ഉണ്ടാകുന്നതു കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ലെന്നും കമ്മിറ്റി കണ്ടെത്തി.
ഈ സാഹചര്യത്തില്‍ സി ഡിറ്റിനെയും ഐടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണമെന്ന നിര്‍ദേശം സമിതി മുന്നോട്ടുവച്ചു.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖല ശക്തമാക്കണമെന്നും സൈബര്‍ സുരക്ഷാ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എം പാനല്‍ ചെയ്യണമെന്നും വിദഗ്ധസമിതി ശിപാര്‍ശ നല്കി.
സ്പ്രിങ്ക്ളർ മേധാവി മലയാളിയായ റാഗി തോമസ് അടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സമിതി വിവരശേഖരണം നടത്തിയത്.