പാലക്കാട്: തത്തമംഗലത്ത് മാരുതി കാറിൽ ഒളിപ്പിച്ചു കടത്തിയ 430 ലിറ്റർ സ്പിരിറ്റ് ചിറ്റൂർ എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. പട്ടഞ്ചേരി വഴുവക്കോട് പാപ്പന്റെ മകൻ മണികണ്ഠൻ (54) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 11.45നായിരുന്നു സംഭവം.
32 ലിറ്ററിന്റെ 15 കന്നാസുകളിലാണ് സ്പിരിറ്റ് കൊണ്ടുവന്നത്. കാറിന്റെ ഡിക്കിയിൽ 11ഉം സീറ്റിനു സമീപത്ത് നാലും കന്നാസുകളാണ് നിരത്തിവച്ചിരുന്നത്. കാറിൽ സ്പിരിറ്റ് എത്തുന്നുവെന്ന വിവരം എക്സൈസ് ഇന്റലിജന്സിനു ലഭിച്ചിരുന്നു. തുടർന്ന് ജീവനക്കാർ രാവിലെ മുതൽ തത്തമംഗലത്ത് കാത്തിരുന്നു നടത്തിയ റെയ്ഡിലാണ് സ്പിരിറ്റും കാറും കുടുങ്ങിയത്.
അത്തിമണി സ്വദേശി അനിൽ കുമാറാണ് കാറിലുണ്ടായിരുന്ന മറ്റൊരാളെന്നു എക്സൈസ് അധികൃതർ അറിയിച്ചു.
ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എം.റിയാസ്, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കുമാർ, സജീവ്, യൂസഫ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതിയെ രക്ഷപ്പെടുത്താൻ നീക്കം
പാലക്കാട്: സ്പിരിറ്റു കടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ രക്ഷിക്കാൻ ഉന്നതതല നീക്കം. സിപിഎം ജില്ലാ കമ്മിറ്റിയിലെ രണ്ടു ഉന്നതരാണ് ഇതിനു പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.
റെയ്ഡിനിടെ ഓടിരക്ഷപ്പെട്ട പ്രതി അത്തിമണി സ്വദേശി സ്ഥിരം പ്രശ്നക്കാരനാണെ ന്നാണ് പോലീസ് നല്കുന്ന സൂചനകൾ. രണ്ടു വർഷങ്ങൾക്കു മുന്പ് ചിറ്റൂർ പോലീസ് സ്റ്റേഷനിലെത്തി ഫയലുകൾ വലിച്ചുകീറുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.