പാലക്കാട്: എക്സൈസിനെ വെട്ടിച്ച് ടോൾ പ്ലാസയിലെ ബാരിയറും തകർത്ത് കടന്ന ലോറിയിൽ പാൻമസാലയെന്ന് എക്സൈസ്. എന്നാൽ നിലവിൽ ഇതിനും തെളിവില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നും ചിറ്റൂർ എക്സൈസ് സിഐ എം. രാകേഷ് പറഞ്ഞു.
തവിട് ചാക്കിനിടയിൽ പാൻമസാല ചാക്കുമായി വരുമ്പോഴാണ് എക്സൈസിനെ വെട്ടിച്ചു കടന്നതെന്നാണ് പ്രതികൾ നൽകിയ മൊഴി.ഇവർ കോഴി വിതരണം ചെയ്യുന്നവരാണ്.
ഇതിനിടെ പാൻമസാലയും അനധികൃതമായി കടത്തും. ഇത്തരത്തിൽ പാൻമസാലയുമായി വരുമ്പോഴാണ് എക്സൈസ് പരിശോധനയ്ക്ക് എത്തിയത്. കോഴി വിറ്റവകയിലും പാൻമസാല വിതരണം ചെയ്തതിലുമായി മൂന്ന് ലക്ഷം രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു.
ഈ പണം തട്ടിയെടുക്കാൻ എത്തിയവരാണെന്ന് ഭയന്നാണ് ലോറി നിർത്താതെ പോയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി സിഐ അറിയിച്ചു. എന്നാൽ പിടിച്ചെടുത്ത ലോറിയിൽ നിലവിൽ പാൻമസാല ചാക്കുകളൊന്നും കണ്ടെടുക്കാത്തതിനാൽ കേസുകളൊന്നും എടുക്കാനാവില്ല. ടോൾ പ്ലാസയിലെ ബാരിക്കേഡ് തകർത്ത സംഭവത്തിൽ പോലീസിന് വേണമെങ്കിൽ കേസെടുക്കാമെന്നും സിഐ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെയാണ് ചാലക്കുടിയിൽവച്ച് എക്സൈസ് സംഘത്തെ വെട്ടിച്ച് ലോറി കടന്ന് കളഞ്ഞത്. സ്പിരിറ്റുമായി ലോറി എത്തുന്നെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം റോഡിൽ പരിശോധന നടത്തിയത്. പരിശോധന നടത്താൻ അടുത്തെത്തിയപ്പോൾ ലോറി അമിത വേഗതയിൽ ഓടിച്ചുപോകുകയായിരുന്നു.
ഇതോടെ അങ്കമാലി എക്സൈസ് റേഞ്ച് വിഭാഗം ഇവരെ പിന്തുടർന്നു. പട്ടിക്കാട്ടും വാണിയംപാറയിലും പോലീസ് കൈകാണി ച്ചിട്ടും നിർത്താതെപോയ ലോറി, വടക്കാഞ്ചേരിയിൽ കാത്തുനിന്ന എക്സൈസിനെയും വെട്ടിച്ചുകടക്കുകയായിരുന്നു.
പേരാമ്പ്രയിൽ സ്വകാര്യ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്പിരിറ്റ് ലോറി പാർക്ക് ചെയ്തതായുള്ള വിവരത്തെതുടർന്നാണ് എക്സൈസ് എത്തിയത്. സ്ഥ ലത്തെത്തിയ എക്സൈസ് സംഘത്തെ മറികടന്നു ലോറി ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്കു കുതിച്ചു.
എക്സൈസ് വാഹനം കിലോമീറ്ററുകളോളം ലോറിയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പുലർച്ചെ 3.50നാണ് ലോറി പാലിയേക്കര ടോൾപ്ലാസയിലൂടെ പാഞ്ഞുപോയത്. വാഹനം അതിവേഗത്തിൽ ബൂം ബാരിയർ ഇടിച്ചുതെറിപ്പിച്ചാണ് കടന്നത്.
എക്സൈസ് സംഘം അറിയിച്ചതിനെതുടർന്ന് പട്ടിക്കാടുവച്ച് എട്ടുപേരടങ്ങുന്ന പോലീസ് സംഘം ലോറി തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് വാഹനം മുന്നോട്ടു കുതിക്കുകയായിരുന്നു. കുതിരാൻ കടന്നു വാണിയംപാറയിൽ ജില്ലാ അതിർത്തിയിലുള്ള പോലീസുകാരും വാഹനം തടയാൻ ശ്രമം നടത്തിയിരുന്നു.
പിന്നീട് മംഗലം ഡാം ഭാഗത്തേക്കുള്ള വഴിയിലേക്കു തിരിഞ്ഞ വാഹനത്തെ എക്സൈസ് പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിൽ ലോറിയുടെ നമ്പർ വ്യാജമാണെന്നു തെളിഞ്ഞു. ടോൾ പ്ലാസയിൽ പ്രശ്നമുണ്ടാക്കിയശേഷം 35 കിലോമീറ്ററോളം ദേശീയപാതയിലൂടെ ഓടിയ ശേഷമാണു വാഹനം കാണാതായത്.