സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തേക്ക് ഇതരദേശങ്ങളില്‍ നിന്ന് സ്പിരിറ്റും മയക്കുമരുന്നും വ്യാജ മദ്യവും കടത്താന്‍ കാരിയര്‍മാര്‍ സജ്ജരായുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തല്‍.
ക്രിസ്മസ്, പുതുവത്സാരഘോഷം ലക്ഷ്യമിട്ടാണ് ഇതരസംസ്ഥാനത്തു നിന്നും കാരിയര്‍മാര്‍ വഴി കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യതയുള്ളത്.
അതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്താന്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ റഷി ഉത്തരവിട്ടു. ജനുവരി മൂന്നുവരെയാണ് പരിശോധന നടത്താന്‍ എല്ലാ എക്സൈസ് ജോയിന്റ് കമ്മീഷണര്‍മാര്‍ക്കും ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അസി.കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.
കേരളത്തിലേക്കുള്ള ഇതരദേശതൊഴിലാളികള് മുഖേന മയക്കുമരുന്നുകളും മദ്യവും എത്തിക്കാനാണ് സാധ്യതയുള്ളതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ടൂറിസ്റ്റ് ബസുകളിലും പാസഞ്ചര്‍ ബസുകളിലും ട്രയിനിലും ഇവ എത്തിച്ചേക്കാം. ഇതിന് പുറമേ മറ്റു ഗുഡ്സ് വാഹനങ്ങള്‍ വഴിയും എത്തിക്കും.
ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി അതിര്‍ത്തി ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്കി. ചെക്ക് പോസ്റ്റുകളിലൂടെയും മറ്റു ചെറിയ പാതകളിലൂടെയും സ്പിരിറ്റ് , വ്യാജ മദ്യം മുതലായവ കടത്താനുള്ള സാധ്യതയാണ് എക്സൈസ് കാണുന്നത്.
കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ കാല്‍നടയായും മറ്റും കര്‍ണാടകയില്‍ നിന്ന് ഇത്തരം ലഹരി വസ്തുക്കള്‍ എത്തും. കൂടാതെ പാഴ്സല്‍ സര്‍വീസ് വാഹനങ്ങളിലും ചരക്ക്, യാത്ര തീവണ്ടികളിലും വ്യാജ ബുക്കിംഗിലൂടെയും മയക്കുമരുന്നും മദ്യവും എത്താനും സാധ്യതയുണ്ട്.
മാഹി, ഗോവ എന്നിവിടങ്ങളില്‍ നിന്നു മത്സ്യബന്ധനബോട്ടുകളിലും നാടന്‍ വള്ളങ്ങളിലും തീരപ്രദേശങ്ങള്‍ വഴിയും മയക്കുമരുന്നു മാഫിയ കേരളത്തെ ലക്ഷ്യമിടുന്നുണ്ട്.
കണ്ടെയ്നര്‍ ലോറികള്‍, ടാങ്കറുകള്‍, ടിപ്പര്‍ ലോറികള്‍, എന്നിവയില്‍ രഹസ്യ അറ നിര്‍മിച്ചും മത്സ്യം, പച്ചക്കറി, മുട്ട, വാഴക്കുല, ചെടികള്‍, സിമന്റ് എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലും സ്പിരിറ്റ് കടത്താന്‍ സാധ്യതയുണ്ട്.
അത്യാധുനിക വാഹനങ്ങളും ആഡംബര കാറുകളും വോള്‍വോ ബസുകളും ശീതീകരിച്ച വാഹനങ്ങളും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പോലീസിന്റെ സ്പെഷല്‍ ബ്രാഞ്ചുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചും പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.