കാക്കനാട്: സ്ക്രാപ്പ് ടയർ ഗോഡൗണിന്റെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിയ സംഭവത്തിൽ സ്ഥാപന ഉടമ കായംകുളം സ്വദേശി അഖിൽ തട്ടാരമ്പലത്തിലിനെ തേടി എക്സൈസ് തെരച്ചിൽ ആരംഭിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് എക്സൈസ് സ്പെഷൽ സ്ക്വാഡും എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഉണിച്ചിറ ജംഗ്ഷനിൽ കുമ്മഞ്ചേരി ആർക്കേഡ് കെട്ടിടത്തിൽനിന്നും 6,900ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.
സംഭവത്തിൽഗോഡൗൺ ജീവനക്കാരൻ കായംകുളം കൃഷ്ണപുരം സ്വദേശി അനിൽ ഭവനിൽ അജിത്കുമാറിനെ (29) പിടികൂടി. 35 ലിറ്റർ കൊള്ളുന്ന 209 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 6,900 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്.
മാസം അൻപതിനായിരം രൂപയ്ക്ക് മൂന്ന് വർഷം മുമ്പാണ് സ്ക്രാപ്പ് ടയർ ഗോഡൗൺ അഖിൽ വാടകയ്ക്കെടുത്തത്. പുറമെനിന്ന് നോക്കുന്നവർക്ക് ടയർ ഗോഡൗണാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രവർത്തനം.
സ്പിരിറ്റ് നിറച്ച കന്നാസുകൾ ഉമിനിറച്ച ചാക്കുകൾക്കിടയിൽ വച്ചായിരുന്നു വാഹനങ്ങളിൽ കടത്തിപ്പോന്നത്. തൊട്ടടുത്ത കടക്കാർക്കുപോലും സംശയത്തിനിട നൽകാതെയായിരുന്നു കച്ചവടം.
ടോറസ് ലോറികൾ ദിവസേന വന്നുപോകാറുള്ളതായി പ്രദേശത്തെ കച്ചവടക്കാർ പറഞ്ഞു.സമീപത്തെ കടയിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.