മണ്ണുത്തി: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. ദേശീയപാത മണ്ണൂത്തി തിരുവാണിക്കാവിന് സമീപം മുന്തിരി കയറ്റി വന്ന ലോറിയിൽ നിന്ന് 35 ലിറ്ററിന്റെ 79 കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന 2607 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്സൈസ് സംഘം പിടികൂടി. ഏകദേശം 10.5 ലക്ഷം രൂപ സ്പിരിറ്റിനു വിലവരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് പള്ളിപ്പുറം സ്വദേശി കോത്തപ്പൻ വീട്ടിൽ ഹരി, പഴുവിൽ സ്വദേശി പുളിപറമ്പിൽ പ്രദീപ് എന്നിവരെ എക്സ് സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് സ്പിരിറ്റ് പിടികൂടിയത്.
ബംഗ്ലൂരിൽ നിന്നാണ് മിനിലോറിയിൽ മുന്തിരിപ്പെട്ടികൾക്കിടയിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പൈലറ്റ് കാറിന്റെ അകമ്പടിയോടെയാണ് സംഘം എത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മിനി ലോറി തടയാൻ ശ്രമിച്ചതോടെ സ്പിരിറ്റ് കടത്തിയ വാഹനത്തിന് അകമ്പടിയായി വന്ന കാർ നടത്തറ ഭാഗത്തേക്ക് തിരിഞ്ഞ് പോയി.
സിഗ്നനൽ ജംഗഷനിൽ എക്സ്സൈസ് സംഘം സഞ്ചരിച്ച ബൈക്കിലും കാറിലും ഇടിച്ചശേഷം സ്പിരിറ്റ് കടത്ത് സംഘത്തിന്റെ അകമ്പടി വാഹനം അതിവേഗം ഓടിച്ച് പോകുകയായിരുന്നു. ഗോവ രജിസ്ട്രഷനിലുള്ള കാറിൽ ഒരാളാണ് ഉണ്ടായിരുന്നതെന്ന് എക്സ്സൈസ് സംഘം പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. പിന്നാലെ എത്തിയ മിനി ലോറിയിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. മണ്ണുത്തിയിൽ വച്ച് സ്പിരിറ്റ് കൈമാറാനാണ് നിർദേശമെന്ന് പ്രതികൾ മൊഴി നൽകി.