ആലുവ: ദേശീയപാതയിൽ പറവൂർ കവല സെമിനാരിപ്പടിയിലെ കള്ളുഷാപ്പിൽ നിന്ന് 800 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ.
മംഗലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ളുഷാപ്പിലാണ് സ്പിരിറ്റ് വേട്ട നടന്നത്.
ഭൂമിക്കടിയിൽ രഹസ്യ ടാങ്കിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് തിരുവനന്തപുരത്തു നിന്നെത്തിയ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സമെന്റ് സ്ക്വാഡും ആലുവ എക്സൈസും ചേർന്നാണ് ഇന്നലെ രാത്രി കണ്ടെത്തിയത്.
കള്ള് ഷാപ്പിന് അകത്തെ ഭൂഗർഭ ടാങ്കിൽ സംഭരിച്ച നിലയിലായിരുന്നു സ്പിരിറ്റ് ശേഖരം.
കൃത്രിമ കള്ളുണ്ടാക്കുന്നതിനാണ് ഷാപ്പിന് ഉള്ളിൽ മണ്ണ് കുഴിച്ച് ദൃശ്യം സിനിമാ മോഡലിൽ ടാങ്ക് ഉള്ളിലിറക്കി ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്.
എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പുഴയോരത്തെ ഈ ഷാപ്പിൽ പൊതുജനങ്ങൾക്കായി ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിലെ പ്രമുഖ അബ്കാരിയുടെ നിയന്ത്രണത്തിലുള്ള ഈ ഷാപ്പിൽയാതൊരുപരിശോധനയും നടക്കാറില്ലായെന്ന ആരോപണവുമുണ്ട്.
സ്പിരിറ്റ് സൂക്ഷിച്ചിരുന്ന മുറിയ്ക്ക് വാതിലില്ലാത്തതിനാൽ എക്സൈസ് സംഘം ഭിത്തി പൊളിച്ചാണ് അകത്ത് കടന്നത്. പൈപ്പ് വഴി മോട്ടോർ ഉപയോഗിച്ചാണ്സ്പിരിറ്റ് പുറത്തെത്തിച്ചിരുന്നത്.
ഷാപ്പിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.വർഷങ്ങളുടെ കാലപ്പഴക്കമാണ് സ്പിരിറ്റ് കണ്ടെത്തിയ ടാങ്കറിനുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.