സ്വന്തം ലേഖകന്‍
തൃശൂര്‍: ജില്ലാ അതിര്‍ത്തിയായ കൊരട്ടി പൊങ്ങത്തുനിന്ന് എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സ്പിരിറ്റ് വാന്‍ കണ്ടെത്താനായില്ല. പാലിയേക്കര ടോള്‍പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തകര്‍ത്ത് തൃശൂര്‍ – പാലക്കാട് ദേശീയപാത വഴി ഇന്നലെ പുലര്‍ച്ചെ പാഞ്ഞുപോയ സ്പിരിറ്റ് വാന്‍ പാലക്കാട് വടക്കഞ്ചേരിയിലെ മംഗലം റോഡില്‍വച്ച് അപ്രത്യക്ഷമാവുകയായിരുന്നു.
വാന്‍ കണ്ടെത്താന്‍ എക്സൈസും ഹൈവേപോലീസും ഊര്‍ജിത അന്വേഷണം തുടരുകയാണ്. സ്പിരിറ്റ് വാന്‍ പൊങ്ങത്തുനിന്ന് കടന്നുകളയുമ്പോള്‍ തന്നെ കൃത്യമായി വിവരം പോലീസിനെ അറിയിക്കുന്നതില്‍ എക്സൈസിന് വീഴ്ച സംഭവിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
വിവരം യഥാസമയം കൈമാറിയിരുന്നെങ്കില്‍ ചാലക്കുടി മുതല്‍ വാണിയമ്പാറ വരെയുള്ള തൃശൂര്‍ ജില്ലയ്ക്കുള്ളില്‍ എവിടെയെങ്കിലും വച്ച് വാന്‍ പിടികൂടാമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
പാലിയേക്കര ടോള്‍പ്ലാസ കഴിഞ്ഞ് നടത്തറ പിന്നിട്ട ശേഷമാണ് എക്സൈസ് സംഘം പോലീസിനെ വിവരമറിയിച്ചതെന്നാണ് പറയുന്നത്. അതിവേഗത്തിലായിരുന്ന വാന്‍ പോലീസിന്റെയും എക്സൈസിന്റെയും കയ്യിലകപ്പെടാതിരിക്കാന് അമിതവേഗതയിലായിരുന്നു പാഞ്ഞുപോയത്.
വാണിയമ്പാറ ചെക്പോസ്റ്റിലും വണ്ടി തടഞ്ഞിടാനായില്ല. വനത്തിനകത്തേക്ക് വാന്‍ പോയിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. അങ്ങിനെയെങ്കില്‍ അധികദൂരം വാനുമായി പോകാന്‍ സംഘത്തിനാകില്ല.
കാടറിയുന്നവരല്ല സംഘത്തിലുള്ളതെന്നും സൂചനയുണ്ട്. വനമേഖലയിലേക്ക് പോകാനുള്ള വഴി വാനിലുള്ളവര്‍ ചോദിച്ചിരുന്നതായും വിവരമുണ്ട്. വാന്‍ കാടിനകത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വാനിലുള്ളവര്‍ രക്ഷപ്പെടാനോ ഒളിവില്പോകാനോ ഉള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.