മഥുര (ഉത്തർപ്രദേശ്): പത്തു വയസുകാരനായ ആത്മീയ പ്രഭാഷകനെതിരേ വധഭീഷണി മുഴക്കി ലോറൻസ് ബിഷ്ണോയിസംഘം. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള അഭിനവ് അറോറയെ വധിക്കുമെന്നു ഭീഷണിസന്ദേശം ലഭിച്ചതായി കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. ഇന്നലെയാണു കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽനിന്നു ഭീഷണിലഭിച്ചത്.
തന്റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദൈവഭക്തിയാണു മകന്റെ വഴിയെന്നും അഭിനവിന്റെ അമ്മ ജ്യോതി അറോറ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജ്യോതി പറഞ്ഞു.
ഫോണിൽ വിളിച്ചും സന്ദേശമയച്ചുമാണ് ബിഷ്ണോയിസംഘം ഭീഷണിപ്പെടുത്തിയെതെന്നും അവർ വെളിപ്പെടുത്തി. അഭിനവ് അറോറ ഡൽഹിയിൽനിന്നുള്ള ആത്മീയപ്രഭാഷകനാണ്. മൂന്നു വയസുമുതൽ അഭിനവ് ആത്മീയയാത്ര ആരംഭിച്ചതായി അവകാശപ്പെടുന്നു.