പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
ഒടുവില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തിന്റെ ജില്ലാതല പരിപാടിയില്‍ നേരിട്ട അവഗണനയാണ് മന്ത്രിക്കെതിരേ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ചിറ്റയം ഗോപകുമാര്‍ രാഷ്ട്രദീപികയോടു പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷമായി മന്ത്രിയില്‍ നിന്നു തനിക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിനു തയാറായിരുന്നില്ല.
കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന ജില്ലാതല വാര്‍ഷിക പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ തന്നെ മനഃപൂര്‍വം ഒഴിവാക്കാന്‍ ശ്രമം നടന്നു.
തന്നെയുമില്ല ജില്ലാതല വാര്‍ഷിക പരിപാടികള്‍ ജില്ലയിലെ മറ്റ് എംഎല്‍എമാരുമായോ എല്‍ഡിഎഫുമായോ കൂടിയാലോചന നടത്തിയല്ല ക്രമീകരിച്ചത്.
മന്ത്രിസഭ വാര്‍ഷികവുമായി ബന്ധപ്പെട്ട എന്റെ കേരളം പരിപാടിയുടെ ഉദ്ഘാടന നോട്ടീസില്‍ പേരു വച്ചിട്ടുണ്ടെന്നതിന്റെ പേരില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടയാളല്ല താനെന്ന് ചിറ്റയം പറഞ്ഞു.
തലേന്നു രാത്രിയാണ് ജില്ലാ കളക്ടര്‍ തന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നു താന്‍ തന്നെ തീരുമാനിച്ചതാണ്. ഇന്നലെ കളക്ടര്‍ക്കൊപ്പം മേള സന്ദര്‍ശിച്ചിരുന്നു.
താന്‍ പ്രതിനിധാനം ചെയ്യുന്ന അടൂര്‍ മണ്ഡലത്തോടു ആരോഗ്യമന്ത്രി തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ പലതും നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
ആശുപത്രിയില്‍ മന്ത്രി നടത്തിയ സന്ദര്‍ശനം നടത്തിയപ്പോഴും സ്ഥലം എംഎല്‍എയെ ഒപ്പം കൂട്ടിയില്ല. മന്ത്രിയെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടാറില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
നേരത്തെ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ മന്ത്രിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ പ്രതികരിച്ചത്.
പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഒരുവര്‍ഷമായി താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞുവെന്നേ ഉള്ളൂവെന്നും ചിറ്റയം പറഞ്ഞു.