പൊൻകുന്നം: ‘സ്പ്ലെൻഡർ ബൈക്കുകൾ എന്നും എന്റെ വീക്ക്നെസാ സാറേ. സ്പെ്ലൻഡർ കണ്ടാൽ ഞാനങ്ങ് എടുക്കും.’ പൊൻകുന്നത്തെ കോടതി വരാന്തയിൽനിന്ന് ചാടി രക്ഷപ്പെട്ട റിമാൻഡ് പ്രതിയായ കോട്ടയം വടവാതൂർ സ്വദേശി ഉണ്ണിക്കൃഷ്ണന്റെ (ഉണ്ണിക്കുട്ടൻ-20)വാക്കുകളാണിത്. മോഷ്ടിച്ച ബൈക്കുകളിൽ ഏറെയും സ്പ്ലെൻഡർ തന്നെ. ഒടുവിൽ രക്ഷപ്പെട്ടതും പോലീസിന്റെ പിടിയിലായതും സ്പ്ലെൻഡർ ബൈക്ക് ഉപയോഗിച്ച്.
ചൊവ്വാഴ്ച രാവിലെയാണ് ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ഉണ്ണിയെ പൊൻകുന്നം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പൊൻകുന്നം മുസ്ലിം പള്ളി മൈതാനത്തുനിന്ന് ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി കോടതിയിലെത്തിച്ചു.
കോടതി നടപടികൾക്കുശേഷം തിരികെ ജയിലിലേക്കു കൊണ്ടുപോകവേ കോടതി വരാന്തയിൽനിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെ കോടതിയുടെ പിൻഭാഗം വഴിയാണ് പ്രതി രക്ഷപ്പെട്ടത്. പൊൻകുന്നം ഗവ. ഹൈസ്കൂളിന് എതിർവശത്തെ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുമായാണ് പ്രതി രക്ഷപ്പെട്ടത്.
പിന്നീട് പോലീസ് പ്രതിക്കായുള്ള തെരച്ചിൽ ഉൗർജിതമാക്കി. അപ്പോഴാണ് മണർകാടു നിന്ന് പ്രതിയുടെ വീക്ക്നെസ് ആയ സ്പ്ലെൻഡർ ബൈക്കുമായി പിടിയിലായത്.പ്രതിക്കെതിരേ രണ്ടു ബൈക്ക് മോഷണവും പോലീസിനെ വെട്ടിച്ചുകടന്ന കേസും ചാർജ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.