കോട്ടയം: ജനറൽ ആശുപത്രി വളപ്പിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയ ഉണ്ണിക്കുട്ടൻ നിരവധി മോഷണക്കേസുകളിൽ പ്രതി.
ഉണ്ണിക്കുട്ടനു സ്പ്ളൻഡർ ബൈക്കുകൾ ഹരമാണ്. സ്പ്ളൻഡർ എവിടെ കണ്ടാലും ഞൊടിയിടയ്ക്കുള്ളിൽ മോഷ്്ടിച്ചു മുങ്ങുകയാണ് ഇയാളുടെ പതിവു രീതി. നഗരത്തിലെ പാർക്കിംഗ് കേന്ദ്രങ്ങൾ, ആശുപത്രി വളപ്പുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പതിവായി ഇയാൾ മോഷണം നടത്തുന്നത്.
കഴിഞ്ഞ മേയ് 31ന് കോട്ടയം ജനറൽ ആശുപത്രി വളപ്പിൽനിന്ന് 108 ആംബുലൻസ് ഡ്രൈവറായ ആർപ്പൂക്കര കണ്ണനല്ലൂർ സ്വദേശി രമേശ് ഗോപിയുടെ ബൈക്ക് മോഷ്്ടിച്ച കേസിലാണ് ഇന്നലെ അയ്മനം കുടയംപടി പെരുമന കോളനി കാട്ടുപറന്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കഞ്ഞിക്കുഴി മുട്ടന്പലം പാറേക്കവല തോട്ടയ്ക്കാട് മറ്റം ഉണ്ണിക്കൃഷ്ണനെ (ഉണ്ണിക്കുട്ടൻ -20) വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണിക്കുട്ടനെ ഇന്നു കോടതിയിൽ ഹാജരാക്കും.
മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പൊൻകുന്നം പോലീസിനെ വെട്ടിച്ച് ചാടി രക്ഷപ്പെട്ട കേസിൽ ഏഴു മാസത്തോളം റിമാൻഡിലായിരുന്ന ഇയാൾ മൂന്നാഴ്ച മുന്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ബൈക്ക് മോഷണക്കേസുകളിൽ ഉണ്ണിക്കുട്ടൻ പ്രതിയാണ്. കോട്ടയം വെസ്റ്റ്, മണർകാട്, പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ഉണ്ണിക്കുട്ടനെതിരേ ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ട്.
ജനറൽ ആശുപത്രി വളപ്പിൽനിന്ന് ബൈക്ക് മോഷണം പോയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന ഉണ്ണിക്കുട്ടൻ ജാമ്യത്തിൽ ഇറങ്ങിയതായി വിവരം ലഭിച്ചത്.
തുടർന്നു പോലീസ് സംഘം ഉണ്ണിക്കുട്ടനെപ്പറ്റി അന്വേഷണം നടത്തി. ഇതിനിടെയാണ് ഉണ്ണിക്കുട്ടൻ സ്പ്ളൻഡർ ബൈക്കിൽ കറങ്ങുന്നതായി ജില്ലാ പോലീസ് ചീഫ് ജി. ജയദേവിനു രഹസ്യ വിവരം ലഭിച്ചത്.
അന്വേഷണത്തിൽ അയ്മനം, കുടയംപടി ഭാഗങ്ങളിൽ ഉണ്ണിക്കുട്ടൻ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. തുടർന്നു വെസ്റ്റ് എസ്എച്ചഒ എം.ജെ. അരുണ്, എസ്ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.