ഈരാറ്റുപേട്ട: ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്നാണ് ഈരാറ്റുപേട്ട പോലീസ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ, 3350 മീറ്റർ ഫ്യൂസ് വയറുകൾ, ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടന്മേടിൽനിന്ന് സ്ഫോടക വസ്തുക്കളുമായി നടയ്ക്കൽ കണ്ടത്തിൽ ഷിബിലിയെയും കൂട്ടാളിയായ തീക്കോയി സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചേർന്ന് മലഞ്ചരക്ക് വ്യാപാരത്തിനായാണ് ഈരാറ്റുപേട്ടയിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്.
ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഷിബിലിക്ക് സ്ഫോടകവസ്തു നൽകിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാനാണ് സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ, ജനവാസകേന്ദ്രത്തിൽനിന്ന് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ശേഖരം കണ്ടെത്തിയ കെട്ടിടത്തിലും ചുറ്റുവട്ടത്തുമായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതേ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്നുണ്ട്.
എട്ടു മാസം മുമ്പാണ് ഒരു ഷട്ടർ ഇവർ വാടകയ്ക്കെടുത്തത്. രണ്ട് മാസം മുമ്പ് തൊട്ടടുത്ത ഷട്ടർ മുറിയും വാടകയ്ക്കെടുത്തു. പലപ്പോഴും കെട്ടിടത്തിന്റെ മുന്നിൽ കൊക്കോയും അടയ്ക്കയും ഉണക്കാനിടാറുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. അതിനാൽ യാതൊരു സംശയവും ഉണ്ടായില്ല. പരിശോധനയക്ക് എസ്ഐമാരായ വി.എൽ. ബിനു, ടോജൻ എം. ജോസ്, ആന്റണി മാത്യു, പി.സി. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.