തളിപ്പറമ്പ്: മടക്കാംപൊയിലിലെ അനധികൃതക്വാറിയില് നിന്നും സമീപത്തെ വീട്ടില്‍ നിന്നും വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയ സംഭവത്തില്‍ സ്ഫോടകവസ്തു എത്തിച്ചു നല്കുന്ന ഏജന്റ് കാഞ്ഞങ്ങാട് സ്വദേശി സെബാസ്റ്റിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ അറിയിച്ചു. അനധികൃതമായി സ്ഫോടകവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിന് കര്‍ണാടക രജിസ്ട്രേഷനുള്ള ആംബുലന്‍സ് വാഹനം ഉപയോഗിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രാത്രി പന്ത്രണ്ടിന് ശേഷം അതീവരഹസ്യമായാണ് സ്ഫോടകവസ്തുകടത്ത് നടത്തുന്നത്. കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ അനുമതിയുള്ളതും ഇല്ലാത്തതുമായ ക്വാറികളിലേക്ക് കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും രഹസ്യമായി സ്ഫോടകവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നത് സെബാസ്റ്റ്യനാണെന്ന് തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. നാലുപ്രതികളേയും ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയില്‍ മടക്കാംപൊയില്‍ പ്രദേശത്തായിരുന്നു ഇന്നലെ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും മൂന്നൂറ് കിലോയിലധികം സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്പെഷ്ല്‍ സ്ക്വാഡില്‍പെട്ട സുരേഷ് കക്കറ, കെ.പ്രിയേഷ്, ഷറഫുദ്ദീന് എന്നിവരും കെഎപിയിലെ ഉനൈസും ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ രാവിലെ 11 മുതല്‍ രാത്രിവരെ നടത്തിയ റെയ്ഡില്‍ ഇവ പിടിച്ചെടുത്തത്.
പെരിങ്ങോം കെ.പി. നഗറിലെ മധുമന്ദിരത്തില്‍ കെ.വസുന്ധരന്‍ (55), കുപ്പോളിലെ സി.എച്ച്. സുനില്‍(30), കോടന്നൂരിലെ എസ്. സുജിത്ത് മോൻ (32), എസ്.സുധീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. വസുന്ധരന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്വാറിയില്‍ നിന്നും 50 കിലോ സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കുന്നത്ത് ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വസുന്ധരന്റെ മടക്കാംപൊയിലിലുള്ള വീട്ടില്‍ നിന്നാണ് 21 പെട്ടികളിലായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളും ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പിടിച്ചത്.
ഓരോ പെട്ടിയിലും 25 കിലോഗ്രാം വീതം സ്ഫോടകശേഖരമാണ് ഉണ്ടായിരുന്നത്. 4500 ജലാറ്റി ന്സ്റ്റിക്കുകളാണ് ശേഖരത്തില്‍ ഉണ്ടായിരുന്നത്. ചെറിയതോതില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള അനുമതിമാത്രമേ ഇവര്‍ക്ക് ഉള്ളൂവെങ്കിലും പ്രതിദിനം മുന്നൂറ് ലോഡ് ക്വാറി ഉല്പന്നങ്ങളാണ് ഇവിടെ നിന്നും കടത്തിയിരുന്നത്.
അടുത്തകാലത്തായി വസുന്ധരന്‍ മൂന്നരകോടി മുതല്‍മുടക്കി കരിങ്കല്‍ ഖനനം നടത്തുന്നതിന് പുതിയ സ്ഥലം വാങ്ങിയതായും ഇവിടെ ഖനനം നടത്തുന്നതിന് കരിങ്കല്ലുകള്‍ പൊട്ടിക്കുന്നതിനാണ് വലിയ അളവില്‍ ഇവിടെ സ്ഫോടകവസ്തുശേഖരിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ രണ്ട് കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. എക്സ്പ്ലോസീവ് ആക്ട് പ്രകാരവും കേസെടുത്തു.