കോഴിക്കോട്: സ്ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്ത മലയാളികളെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു.
കോഴിക്കോട് വടകരയിലെ പുതുപ്പണം സ്വദേശി ഫിറോസ്ഖാന്, പന്തളം സ്വദേശി അന്‍സാദ് ബദറുദ്ദീന്‍ എന്നിവരെയാണ് എസ്ടിഎഫ് ഗുഡംബ മേഖലയിലെ കുക്റെയിലില് വച്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ബാറ്ററി, വയര്‍, തോക്ക്, വെടിയുണ്ട, തുടങ്ങിയവ കണ്ടെടുത്തുവെന്നാണ് സംസ്ഥാന പോലീസിന് ലഭിച്ച വിവരം. ഇരുവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പോലീസ് നല്കുന്ന വിവരം.
ബസന്ത പഞ്ചമിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താനും ഹിന്ദു സംഘടനകളുടെ ഭാരവാഹികളെ കൊല്ലാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് സംസ്ഥാന പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും കേസുകളുമായോ തീവ്രവാദ സ്വഭാവമുള്ള കേസുകളിലെ പ്രതികളുമായോ ഇവര്‍ക്കു ബന്ധമുണ്ടോയെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്.
കൂടാതെ ഇവരുടെ ഇതുവരെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷിച്ചുവരികയാണ്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ഇവരെ കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.ഫിറോസ്ഖാനെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെയാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബീഹാറിലേക്ക് ഇക്കഴിഞ്ഞ ആറിനാണ് പുറപ്പെട്ടത്. 11 വരെ ബന്ധപ്പെട്ടിരുന്നതായും എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്. പത്തനംതിട്ട സ്വദേശിയായ ഒരാള്‍ കൂടി ഒപ്പമുണ്ടെന്നും ഫിറോസ്ഖാന് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
അന്‍സാദ് ബദറുദ്ദീനെ കാണാനില്ലെന്നു കാട്ടി ഭാര്യ നേരത്തെ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ബീഹാറിലേക്കു പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പന്തളത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. നാട്ടിലെ ഇയാളുടെ ബന്ധങ്ങള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
1 6 സ്ഫോടക വസ്തുക്കളും മറ്റു സജ്ജീകരണങ്ങളും അറസ്റ്റിലായവരില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 11നു ട്രെയിന്‍ മാര്‍ഗം യുപിയിലെത്തിയ ഇരുവരെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുകയായിരുന്നു.