സ്വന്തംലേഖകന്‍
വടകര: പോലീസുദ്യോഗസ്ഥന്റെ വീട്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തി സ്ഫോടന കാരണമെന്തന്ന് കണ്ടെത്താനാണ് പോലീസ് തീരുമാനം.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വെടിമരുന്നിന്റെ സാന്നിധ്യമുള്ളതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാലുണ്ടാവുന്നതിനേക്കാള് കൂടുതല്‍ ആഘാതം സംഭവസ്ഥലത്തും പരിസരങ്ങളിലും ഉണ്ടായതില്‍ ഫയര്‍ഫോഴ്സിനും സംശയങ്ങളുണ്ട്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് വടകര ഫയര്‍ഫോഴ്സ് പോലീസിനെ അറിയിച്ചിട്ടുണ്ട്.വടകരയ്ക്കടുത്ത കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റെവിട ചിത്രദാസന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സ്ഫോടനം നടന്നത്.
വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ചിത്രദാസന്. വീടിന് സമീപത്തായി നിര്‍മിച്ച ചെറിയ മുറിയിലാണ് സ്ഫോടനം നടന്നത് . താത്കാലികമായി നിര്‍മിച്ച മുറി സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. പരിസരത്തെ പതിനഞ്ചോളം വീടുകളള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് പറയുന്നത്.
ചിത്രദാസന്റെ ഇരുനില വീടിനും മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.