പട്ടാന്പി: കൊപ്പം നെടുങ്ങോട്ടൂരിൽ വീട്ടുവളപ്പിൽ സ്ഫോടനം. പരിഭ്രാന്തരായി അയൽവാസികളും നാട്ടുകാരും. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനയ്ക്കൽപീടികയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
വീടിനോടുചേർന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. മാലിന്യം കത്തിക്കുന്നതിനിടെയാണ് സ്ഫോടനം എന്നാണ് വീട്ടുകാർ പറയുന്നത്.
തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനക്കൽപീടികയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് സംഭവം. വീട്ടുകാർ വീട്ടിലെ മാലിന്യം ശേഖരിച്ചു വീടിനോടുചേർന്ന സ്ഥലത്ത് വച്ച് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തെതുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും അയൽവാസികളും കൊപ്പം പോലീസിൽ വിവരം അറിയിച്ചു.കൊപ്പം എസ്ഐ എം.ബി രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് എത്തി.
സംശയം തീർക്കാനായി കൊപ്പം പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി. ബോംബ് സ്ഫോടനമല്ലെന്നും സംഭവത്തിൽ ദൂരൂഹത ഇല്ലെന്നും കൊപ്പം പോലീസ് പറഞ്ഞു.
പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിക്കുന്നതിനിടെ കുപ്പികൾ പോലെയുള്ളവ പൊട്ടിത്തെറിച്ചതാകാം കാരണമെന്നും സ്ഫോടനം ഉണ്ടായെങ്കിലും ആളപായമില്ലെന്നും ചുമരിനോ മണ്ണിനോ കേടുപാടുകളൊന്നും ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നുമുള്ള നിഗമനത്തിലാണ് പോലീസും ബോബ് സ്ക്വാഡും.
എന്നാൽ, രാവിലെ ഉഗ്ര സ്ഫോടനം നടന്നതിന്റെ ശബ്ദമാണ് കേട്ടതെന്നും ഒരു കിലോ മീറ്റർ ചുറ്റളവിൽ ഭീകരശബ്ദം അലയടിച്ചെന്നും നാട്ടുകാരും പറയുന്നു.