ഇരിട്ടി: ഇരിട്ടി ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ നിന്നും കഴിഞ്ഞ ദിവസം നടന്നുവെന്നു പറയുന്ന സ്ഫോടനത്തെ കുറിച്ചും ബോംബ് ശേഖരവും ആയുധവും പിടികൂടിയ സംഭവത്തിലും നിഷ്പക്ഷ അന്വേഷണം നടത്തണമെന്നു യുഡിഎഫ് ജില്ലാ ചെയര്മാന് പ്രഫ. എ.ഡി. മുസ്തഫ ആവശ്യപ്പെട്ടു. ഓഫീസ് സന്ദര്‍ശിച്ച ശേഷം ഇരിട്ടിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയില്‍ സമീപകാലത്തെങ്ങും ഒറ്റപ്പെട്ട അക്രമസംഭവത്തില്‍ പോലും മുസ്ലിംലീഗ് പങ്കാളിയായിട്ടില്ലെന്നിരിക്കെ പൊതുസമൂഹത്തില്‍ മുസ്ലിംലീഗിനെയും യൂഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉന്നതതല രാഷ്ടിയ-പോലീസ് ഗൂഡാലോചനയുടെ ഭാഗമാണോ ഇതിനുപിന്നിലെന്നു സംശയിക്കുന്നു.
സംഭവം നടന്നു പോലീസ് അന്വേഷിക്കുംമുമ്പു സ്ഫോടനം നടത്തിയതു മുസ്ലിംലീഗ് ഓഫീസില്‍ നിന്നാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതു ദുരൂഹത ഉയര്‍ത്തുന്നതാണ്. സംഭവത്തെ കുറിച്ചു സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.കെ.ജനാര്ദനന്, കണ്‍വീനര്‍ ഇബ്രാഹിം മുണ്ടേരി, കെ.പി.പ്രഭാകരന്, സി.അബ്ദുള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.