കോട്ടയം: മണർകാടിനടുത്ത് പണിക്കമറ്റത്ത് അർധരാത്രിയിൽ സ്ഫോടന ശബ്ദം. സംഭവമറിഞ്ഞ് മണർകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പാറമടയിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന നാലു മീറ്റർ നീളമുള്ള തിരി കണ്ടെത്തി. കണ്ടെത്തിയ തിരിയുടെ കുറെ ഭാഗം കത്തിയതാണ്.
ഇന്നലെ രാത്രി 12.30ഓടെയാണ് സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഞെട്ടിയത്. 500 മീറ്റർ ദൂരം സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ചെറിയൊരു കുലുക്കവും അനുഭവപ്പെട്ടത്രേ. പണിക്കമറ്റം കള്ളുഷാപ്പിനു തൊട്ടടുത്തായിരുന്നു സംഭവം. രാത്രി തന്നെ പോലീസ് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്നു രാവിലെ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തിരി കണ്ടെത്തിയത്. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു. പാറമടയിലെ പണിക്കാരുടെ കൈവശത്തു നിന്ന് വീണതാകാം തിരിയെന്നു കരുതുന്നു.
എന്നാൽ തിരി കത്തിക്കുകയോ മറ്റോ ചെയ്യാതെ സ്ഫോടന ശബ്ദം കേൾക്കില്ല. ആരാണ് ഇതു ചെയ്തതെന്നാണ് കണ്ടെത്തേണ്ടത്. നാട്ടുകാരെ ഭയപ്പെടുത്താൻ ആരെങ്കിലും ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മദ്യലഹരിയിൽ ഗുണ്ടു പൊട്ടിച്ച് നാട്ടുകാരെ ഭയപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.