ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പോലീസിന്റെ മൊബൈൽ വാനിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു പോലീസ് ഓഫീസറും ഉൾപ്പെടെ ഒന്പത് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു.
മസ്തുങ് ജില്ലയിലെ സിവിൽ ഹോസ്പിറ്റൽ ചൗക്കിലെ ഗേൾസ് ഹൈസ്കൂളിന് സമീപം രാവിലെയായിരുന്നു സ്ഫോടനം. സ്കൂൾ വിദ്യാർഥികളുമായെത്തിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണു മരിച്ച കുട്ടികൾ.
സ്കൂളിനു സമീപം നിർത്തിയിട്ട ബൈക്കിൽ ഒളിപ്പിച്ച സ്ഫോടക വസ്തു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. വംശീയ ബലൂച് ഭീകരരും താലിബാൻ ഭീകരരും പ്രവിശ്യയിലെ സുരക്ഷാ സേനയെ ആക്രമിക്കാറുണ്ട്. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നു കരുതുന്നു.