കൊച്ചി: “”ഉഗ്രശബ്ദം കേട്ട് ഞെട്ടലോടെ കണ്ണു തുറക്കുന്പോൾ മുന്നില്‍ ആളിപ്പടരുന്ന തീ. ചുറ്റും നിന്നവർ നാലുപാടും ചിതറിയോടുന്നു. കാരണമറിയാതെ ആദ്യം ഞാനും എങ്ങോട്ടെന്നില്ലാതെ ഓടി. തിരിഞ്ഞൊന്നു നോക്കിയപ്പോള്‍ ശരീരത്തില്‍ തീ പടര്‍ന്നു നിലവിളിക്കുന്ന നിരവധിയാളുകള്‍. അതുകണ്ടിട്ട് ഓടി രക്ഷപ്പെടാൻ മനസു വന്നില്ല’’. കളമശേരി സ്വദേശി കെ.പി. ആന്റണിയുടെ വാക്കുകൾ.
അവർക്കിടയിൽ ശരീരമാസകലം പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ ശരീരം. മരിച്ചുകഴിഞ്ഞുവെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍, ചെറിയൊരു അനക്കം കണ്ടതോടെ പിന്നെയൊട്ടും വൈകിയില്ല. അവള് ധരിച്ചിരുന്ന വസ്ത്രത്തില്‍ ആളിപ്പടരുകയായിരുന്ന തീ എങ്ങനെയോ കെടുത്തി കൈയിൽ കോരിയെടുത്ത് പുറത്തേക്ക് ഓടി. റബര്‍ കഷണം എടുത്തുയർത്തുന്നതുപോലെയാണു തോന്നിയത്.
ഈ സമയം ആംബുലന്‍സുകളൊന്നും പുറത്തുണ്ടായിരുന്നില്ല. പരിപാടിക്കെത്തിയ ആരുടെയോ കാറിലാണ് ആശുപത്രിയിലേക്കു കയറ്റിവിട്ടത്. അവള് ഇപ്പോള്‍ ജീവനോടെ ഉണ്ടോയെന്നു തനിക്കറിയില്ലെന്ന് സ്ഫോടനം നടന്ന കണ്വന്ഷൻ സെന്ററിനു മുന്നിലെ മീഡിയനില്‍ ഏകനായി ഇരുന്ന് ആന്റണി പറഞ്ഞു.
90 ശതമാനത്തിന് മുകളില്‍ പൊള്ളലോടെ ഈ കുട്ടി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം.