2021 കലണ്ടറിൽ ഇനി ശേഷിക്കുന്നത് 31-ാം തീയതി മാത്രം. കോവിഡിനൊപ്പമുള്ള കായികലോകത്തിന്റെ സഞ്ചാരമായിരുന്നു 2021ൽ ദർശിച്ചത്.
കോവിഡിൽ കുരുങ്ങി 2020ൽ നടക്കാതിരുന്ന ഒളിന്പിക്സ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങൾക്ക് 2021 വേദിയായി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഇന്ത്യയിലും യുഎഇയിലുമായി നടത്തി. ചെന്നൈ സൂപ്പർ കിംഗ്സ് നാലാം തവണയും ഐപിഎൽ ചാന്പ്യന്മാരായി.
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനത്തോടെ ഈ വർഷം അവസാനിപ്പിച്ചു. 2020-21 സീസണ് ഐ ലീഗ് ഫുട്ബോൾ കിരീടം മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം കേരള എഫ്സി സ്വന്തമാക്കി.
ഐ ലീഗ് കിരീടം നേടുന്ന കേരളത്തിൽനിന്നുള്ള ആദ്യ ക്ലബ്ബാണ് ഗോകുലം. ഇന്ത്യയെ സംബന്ധിച്ചും 2021 ഓർമിക്കാൻ നിരവധി സുവർണാവസരങ്ങൾ സമ്മാനിച്ചു. 2021ലെ ഇന്ത്യയുടെ സുവർണ കായിക നിമിഷങ്ങളിലൂടെ ഒരു സഞ്ചാരം…
ഹോക്കി ശ്രീ…
ഒളിന്പിക്സിൽ നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യൻ പുരുഷന്മാർ മെഡൽ സ്വന്തമാക്കി. ഈ വർഷം നടന്ന 2020 ടോക്കിയോ ഒളിന്പിക്സിൽ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യ നാല് പതിറ്റാണ്ട് നീണ്ട ഒളിന്പിക് മെഡൽ ദൗർഭാഗ്യം അവസാനിപ്പിച്ചത്. മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. അതോടെ ഒളിന്പിക്സ് മെഡൽ നേടുന്ന രണ്ടാമത് മാത്രം മലയാളിയുമായി ശ്രീജേഷ്. വനിതാ വിഭാഗത്തിൽ 1980നുശേഷം നാലാം സ്ഥാനത്തും ഇന്ത്യ ഫിനിഷ് ചെയ്തു.
പെലെയെ കടന്ന് ഛേത്രി…
രാജ്യാന്തര ഫുട്ബോൾ വേദിയിൽ ഇന്ത്യയുടെ സുവർണതാരമായി സുനിൽ ഛേത്രി. രാജ്യാന്തര ഗോൾ വേട്ടയിൽ ഛേത്രി ബ്രസീൽ ഇതിഹാസം പെലെയെ (77 ഗോൾ) മറികടക്കുന്നതിനും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്കൊപ്പമെത്തുന്നതിനും ഈ വർഷം സാക്ഷ്യം വഹിച്ചു. ഛേത്രിക്കും മെസിക്കും 80 ഗോൾ വീതമാണ്. ഛേത്രി 125 മത്സരങ്ങളിൽനിന്നാണ് 80 ഗോൾ നേടിയത്; മെസി 158 മത്സരങ്ങളിൽനിന്നും. ഗോൾ വേട്ടയിൽ ലോകത്തിൽ അഞ്ചാം സ്ഥാനം പങ്കിടുകയാണ് ഇവർ.
ഹീറോയും വില്ലനും നീയേ…
ഹീറോയും വില്ലനും ഒരാൾ തന്നെ ആയ കഥയ്ക്കും ഇന്ത്യൻ കായികലോകം ഈ വർഷം സാക്ഷ്യം വഹിച്ചു. ഒളിന്പിക്സ് ഗുസ്തിയിൽ വെള്ളിയും (2012) വെങ്കലവും (2008) നേടി ചരിത്രം കുറിച്ച സുശീൽ കുമാർ, കൊലപാതക കുറ്റത്തിന് അറസ്റ്റിലായത് 2021ൽ. ഗുസ്തി താരമായ സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കുറ്റത്തിന് സുശീൽ കുമാർ തിഹാർ ജയിലിലാണ്. ഒളിന്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമാണ് സുശീൽ.
നീ രാജ…
ഒളിന്പിക്സ് ചരിത്രത്തിൽ ഇന്ത്യ അത്ലറ്റിക്സിലൂടെ ആദ്യസ്വർണം നേടി. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ പുരുഷതാരം നീരജ് ചോപ്ര ഒളിന്പിക്സ് സ്വർണത്തിൽ മുത്തമിട്ടു. ഒളിന്പിക് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ കൊയ്ത്തുമാണ് ഇന്ത്യ 2020 ടോക്കിയോ ഒളിന്പിക്സിൽ നടത്തിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡൽ.
2020 ടോക്കിയോ പാരാലിന്പിക്സിൽ ഷൂട്ടിംഗിലൂടെയും ബാഡ്മിന്റണിലൂടെയും ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വർണം നേടി. അവാനി ലേഖരയും മനിഷ് നർവാളുമാണ് ഷൂട്ടിംഗിൽ സ്വർണം നേടിയത്. പ്രമോദ് ഭഗതും കൃഷ്ണ നഗറും ബാഡ്മിന്റണിലും സ്വർണം സ്വന്തമാക്കി.
ഇരട്ടമുഖം…
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതാദ്യമായി ഇരട്ട ക്യാപ്റ്റന്മാരെ ബിസിസിഐ നിശ്ചയിച്ചതും ഈ വർഷം. ഏകദിന, ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമയും ടെസ്റ്റ് നായകനായി വിരാട് കോഹ്ലിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കും.
ലോക ബാഡ്മിന്റണ്
പുരുഷവിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രം കിഡംബി ശ്രീകാന്ത് കുറിച്ചു. സിംഗിൾസ് ഫൈനലിൽ പ്രവേശിച്ച ശ്രീകാന്ത് വെള്ളി സ്വന്തമാക്കി.