സംസ്ഥാന സ്കൂള്‍ കായികോത്സവം; നാളെ കൊടിയേറും

schoolmela1മലപ്പുറം: അറുപതാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം നാളെ മുതല്‍ ആറുവരെ കാലിക്കട്ട് സര്‍വകലാശാല സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയര്‍മാന്‍ പി.അബ്ദുള്‍ ഹമീദ് എംഎല്‍എ അധ്യക്ഷനാവും. ഒളിമ്പ്യന്‍ പി.ടി. ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാ വും. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.വി. അബ്ദുള്‍ വഹാബ് എംപി, എംഎല്‍എമാരായ ടി.വി.ഇബ്രാഹിം, വി.അബ്ദുറഹിമാന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കാലിക്കട്ട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ.ജി.കിഷോര്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ അക്കഡേമിക്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സഫറുള്ള, കാലിക്കട്ട് യൂണിവേഴ്‌സിറ്റി കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ചാക്കോ ജോസഫ് എന്നിവര്‍ പങ്കെടുക്കും. കായികോത്സവം ലോഗോ രൂപകല്‍പ്പന ചെയ്ത ബാപ്പുട്ടി കോട്ടയ്ക്കലിന് ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ സമ്മാനം നല്കും. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 2581 കുട്ടികള്‍ 95 ഇനങ്ങളിലായി ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

കൂടുതല്‍ താരങ്ങളെത്തുന്നത് തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നാണ്. 350 ഒഫീഷ്യല്‍സും പങ്കെടുക്കും. ആദ്യദിനം രാവിലെ ഏഴിനാണ് മത്സരങ്ങള്‍ തുടങ്ങുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.30നു മത്സരങ്ങള്‍ ആരംഭിക്കും. നാളെ 18 ഫൈനല്‍ മത്സരങ്ങളാണ് നടക്കുക. ഇക്കൊല്ലംമുതല്‍ കായികമേള–സ്കൂള്‍ കായികോത്സവം എന്ന പേരിലാണ് അറിയപ്പെടുക. ഫോട്ടോഫിനിഷ് കാമറ, ഇലക്്‌ട്രോണിക് മെഷറര്‍, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം എന്നീ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടു കൂടിയാണ് ഇത്തവണത്തെ കായികോത്സവം നടക്കുന്നത്. സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ നിന്നു യോഗ്യത നേടുന്ന കായികതാരങ്ങള്‍ 62–ാമത് ദേശീയ സ്കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും. ദേശീയ സ്കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 14 മത്സരങ്ങള്‍ ഈമാസം രണ്ടാംവാരം മഹാരാഷ്ട്രയിലെ നാസിക്കില്‍ നടക്കും. അണ്ടര്‍ 17 വിഭാഗത്തില്‍ 2017ല്‍ ജനുവരി ഒന്നാംവാരം തെലുങ്കാന രംഗറെഡ്ഡിയിലും അണ്ടര്‍ 19 വിഭാഗം 2017ല്‍ ജനുവരി നാലു മുതല്‍ ഏഴുവരെ മഹാരാഷ് ട്രയിലെ പൂനയിലും നടക്കും.

ജനകീയകായികമേളയാക്കാന്‍ തേഞ്ഞിപ്പലം

പുതിയ ദൂരവും ഉയരവും കണ്ടെത്താന്‍ മലപ്പുറത്തെത്തുന്ന കായികതാരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ പി.അബ്ദുള്‍ ഹമീദ് എംഎല്‍എ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയുള്ള ജനകീയകായികോത്സവമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പരിഷ്കരണത്തെത്തുടര്‍ന്നുള്ള പ്രതിസന്ധി കായികോത്സവത്തെ ബാധിക്കില്ലെന്നു എംഎല്‍എ പറഞ്ഞു. കായികോത്സവം നീട്ടി വയ്ക്കാന്‍ കഴിയില്ല. നോട്ട് പ്രശ്‌നത്തെത്തുടര്‍ന്നുള്ള സാമ്പത്തികഞെരുക്കത്തെ അതിജീവിക്കാന്‍ സംഘാടകസമിതി മുന്‍കരുതലുകള്‍ എടുത്തിരുന്നു. 60 ലക്ഷം രൂപയാണ് കായികോത്സവത്തിനുള്ള ചെലവ് വകയിരുത്തിയിരിക്കുന്നത്. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി 18 സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മത്സരഫലം ംംം.രെവീീഹെുീൃേെ.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മത്സരവിജയികള്‍ക്ക് (ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്) യഥാക്രമം 1500, 1250, 1000 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡും ഓരോ വിഭാഗത്തിലുള്ള വ്യക്തിഗതചാമ്പ്യന്‍മാര്‍ക്ക് നാലു ഗ്രാം സ്വര്‍ണമെഡലും സംസ്ഥാന സ്കൂള്‍ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4000 രൂപ ക്യാഷ് അവാര്‍ഡും ദേശീയ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 10000 രൂപ കാഷ് അവാര്‍ഡും നല്‍കുന്നുണ്ട്.സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു വിദ്യാലയങ്ങള്‍ക്ക് 2,20,000, 1,65,000, 1,10,000 എന്നീ നിരക്കില്‍ കാഷ് അവാര്‍ഡ് നല്‍കും.

Related posts