പൂന: ടീം ക്യാപ്റ്റന്‍ സി. ബബിതയുടെ ഇരട്ട സ്വര്‍ണം, പോള്‍വോള്‍ട്ടില്‍ കെ.എസ്. അശ്വിന്റെ റിക്കാര്‍ഡ് പ്രകടനവും അര്‍ഷ ബാബുവിന്റെ പൊന്‍തിളക്കവും. ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സിന്റെ മൂന്നാംദിനം കേരളക്കുട്ടികളുടെ തേര്‍വാഴ്ചയില്‍ ഛത്രപതി ശിവജി സ്റ്റേഡിയം നിശ്ചലമായി. ഇന്നലെ കേരളം അക്കൗണ്ടിലാക്കിയത് നാല് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും അടക്കം 13 മെഡലുകള്‍. ഇതോടെ കിരീട പോരാട്ടത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കി മലയാളിക്കുട്ടികള്‍ ബഹുദൂരം മുന്നില്‍. ഏഴ് സ്വര്‍ണം, 11 വെള്ളി, മൂന്ന് വെങ്കലം എന്നതാണ് ഇന്നലെ കളംവിടുമ്പോള്‍ കേരളത്തിന്റെ മെഡല്‍ നില.
മെഡല്‍ വന്ന വഴി
പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി നേടി മുണ്ടൂര്‍ എച്ച്എസ്എസിലെ എസ്. വൈദേഹിയാണ് ഇന്നലത്തെ പുലരിയില്‍ കേരളത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചത്. തുടര്‍ന്ന് 1500 മീറ്ററില്‍ സി. ബബിതയുടെ സ്വര്‍ണം. ദേശീയ റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനത്തോടെ സംസ്ഥാന മീറ്റില്‍ സ്വര്‍ണമണിഞ്ഞ ബബിതയ്ക്ക് ഇവിടെ അതാവര്‍ത്തിക്കാന്‍ സാധിച്ചില്ല. എങ്കിലും 4:3.00 സെക്കന്‍ഡില്‍ 1500 പിന്നിട്ട് കേരള ടീം ക്യാപ്റ്റന്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 4:00.03 സെക്കന്‍ഡോടെ അഭിജിത്ത് സുന്ദരേശന് വെള്ളിയിലെത്തി.
ആണ്‍കുട്ടികളുടെ ലോംഗ്ജംപായിരുന്നു പിന്നീട് കേരളത്തിന് മെഡല്‍ നല്‍കിയത്. റിക്കാര്‍ഡ് കുറിച്ച കേന്ദ്രീയവിദ്യാലയയുടെ മലയാളി താരം ശ്രീശങ്കറിനു പിന്നില്‍ 7.11 മീറ്റര്‍ കണ്ടെത്തി ടി.വി. അഖില്‍ വെള്ളിയും 6.96 ദൂരവുമായി ടി.പി. അമല്‍ വെങ്കലവും സ്വന്തമാക്കി. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരള പ്രതീക്ഷ അസ്ഥാനത്തായില്ല. കല്ലടി സ്കൂളിലെ അര്‍ഷ ബാബു 3.20 മീറ്ററോടെ സ്വര്‍ണത്തില്‍ മുത്തമിട്ടു. 3.10 ഉയരം താണ്ടി മാര്‍ ബേസിലിന്റെ ദിവ്യ മോഹന്‍ വെള്ളിയും കരസ്ഥമാക്കി.
ഹാമറും റിലേയും
ഉച്ചവിശ്രമത്തിനുശേഷം തിരിച്ചെത്തിയ കേരളം ആദ്യം സ്വന്തമാക്കിയത് പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ വെങ്കലമാണ്. കല്ലടി എച്ച്എസ്എസിലെ യു. ശ്രീലക്ഷ്മി മീറ്റില്‍ ത്രോ ഇനത്തിലെ ആദ്യ മെഡല്‍ കേരളത്തിനായി എറിഞ്ഞിട്ടു.എന്നാല്‍, 4400 മീറ്റര്‍ റിലേ കേരളത്തിന് നിരാശയാണ് നല്‍കിയത്. ഇരു വിഭാഗത്തിലും കേരളം തമിഴ്നാടിനു പിന്നില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശക്തമായി പോരാടാന്‍പോലും സാധിക്കാതിരുന്നപ്പോള്‍ 400 മീറ്ററില്‍ റിക്കാര്‍ഡ് കുറിച്ച അബിത മേരി മാനുവലിന്റെ കരുത്തില്‍ കേരളം അവസാന ലാപ്പില്‍ കുതിച്ചെങ്കിലും രണ്ടു ചുവടു പിന്നിലെത്തി വെള്ളിയില്‍ ഒതുങ്ങി. കുട്ടികള്‍ ബാറ്റണ്‍ കൈമാറുമ്പോള്‍ ഓടി വാങ്ങിയിരുന്നെങ്കില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടാമായിരുന്നു എന്നതാണ് സാങ്കേതികമായ വശം. നാലാം ലാപ്പില്‍ ഓടിയ അബിതയ്ക്ക് ബാറ്റണ്‍ കിട്ടുമ്പോള്‍ തമിഴ്നാട് ഇരുപത് മീറ്ററെങ്കിലും മുന്നിലായിരുന്നു.
റിക്കാര്‍ഡ് അശ്വിന് ജീഷിന്റെ പ്രതീക്ഷ
ജീഷ് കുമാര്‍ എന്ന പരിശീലകന്റെ സ്വപ്ന പദ്ധതിയിലേക്കുള്ള പൊന്‍തിളക്കമാണ് ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ എസ്. അശ്വിന് റിക്കാര്‍ഡോടെ നേടി സ്വര്‍ണം. കല്ലടി സ്കൂളിലെ കെ.ജി. ജെസനാണ് ഈയിനത്തില്‍ വെള്ളി. ജെസണ്‍ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയിരുന്നു.
4.61 മീറ്ററുമായി റിക്കാര്‍ഡ് സ്വന്തമാക്കിയ അശ്വിന് കഴിഞ്ഞ നാലു മാസമായി ജീഷിന്റെ ശിക്ഷണത്തിലാണ്. നല് മീറ്ററില്‍നിന്നാണ് അവന് ഇത്ര ഉയരംവരെ എത്തിയതെന്ന് മുന്‍ ഇന്ത്യന്‍ പോള്‍വോള്‍ട്ട് താരമായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ജീഷ് പറഞ്ഞു. 2004ല്‍ സിംഗപ്പൂരില്‍നടന്ന ഏഷ്യന്‍ ഓള് സ്റ്റാര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് ജീഷ്
ഇന്ത്യയുടെ പോള്‍വോട്ട് താരം ബിമിന് പോള്‍, ട്രിപ്പിള്‍ജംപ് താരം രഞ്ജിത് മഹേശ്വരി തുടങ്ങിയവര്ക്കൊപ്പംചേര്ന്ന് കോതമംഗലത്ത് ജംപ്സ് അക്കാഡമി തുടങ്ങാനുള്ള തയാറെടുപ്പിലാണ് ജീഷ്. അക്കാഡമിയുടെ രജിസ്ട്രേഷനും മറ്റും നടന്നുവരുന്നതായി ജീഷ് ദീപികയോട് പറഞ്ഞു.
സന്തോഷത്തില്‍ ശങ്കുവിന്റെ കുടുംബം
ആണ്‍കുട്ടികളുടെ ലോംഗ്ജംപില് സ്വര്‍ണം നേടിയത് കേന്ദ്രീയ വിദ്യാലയയ്ക്കുവേണ്ടി ഇറങ്ങിയ പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ എം. ശ്രീശങ്കര്‍. 2006ല്‍ ഹരിയാനയുടെ ഫര്ത്തേന്ദ്രസിംഗ് കുറിച്ച റിക്കാര്‍ഡ് 7.57 ആക്കി തിരുത്തിയാണ് ശ്രീശങ്കര്‍ സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ മുന്‍ ട്രിപ്പിള്‍ജംപ് താരം എസ്. മുരളിയുടെയും 800 മീറ്റര്‍ ഓട്ടക്കാരിയായിരുന്ന കെ.എസ്. ബിജിമോളുടെയും മകനാണ് ശങ്കു എന്ന ഓമനപ്പേരുകാരനായ ശ്രീശങ്കര്‍.
യൂത്ത് അണ്ടര്‍ 18ല്‍ ലോക അഞ്ചാം റാങ്കുകാരനാണ് ഈ മിടുക്കന്. 7.62 മീറ്ററാണ് മികച്ച ദൂരം. കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തില്‍ പന്ത്രണ്ടാംക്ലാസുകാരനാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അനുജത്തി പാര്‍വതിയും ലോംഗ്ജംപ് താരംതന്നെ. അഞ്ജു ബോബി ജോര്‍ജിന്റെ ബംഗളൂരു അക്കാഡമിയിലേക്ക് ശ്രീശങ്കറിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പരിശീലകന്‍കൂടിയായ വി. മുരളി പറഞ്ഞു. 1989 സാഫ് ഗെയിംസില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ജംപില്‍ വെള്ളി നേടിയ താരമാണ് മുരളി.
കേരളത്തിന്റെ ജേഴ്സിയില്‍ ഇറങ്ങണമെന്നതായിരുന്നു ശങ്കുവിന്റെ മോഹം. അതുകൊണ്ട് ഒഫീഷ്യലുകളോട് പ്രത്യേക അനുവാദംവാങ്ങി കേരളത്തിന്റെ ഒരു ജേഴ്സി ധരിച്ചാണ് അവന് ഇറങ്ങിയത് മുരളി പറഞ്ഞു.പൂനയില്‍ തുടങ്ങിയ ബബിത പൂനയില്‍ നിര്‍ത്തുന്നു
രാവിലെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ സി. ബബിത ഉച്ചകഴിഞ്ഞ് നടന്ന 3000 മീറ്ററിലും വെന്നിക്കൊടി പാറിച്ചു. 9:59.84 സെക്കന്‍ഡിലാണ് ബബിത ഇരട്ട സ്വര്‍ണത്തിലെത്തിയത്. 2010 ല്‍ ഇതേ ഗ്രൗണ്ടില്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ 400, 600 മീറ്ററുകളില്‍ സ്വര്‍ണം നേടിയാണ് ബബിത ദേശീയ സ്കൂള്‍ പോരാട്ടത്തിനു തുടക്കമിട്ടത്.
സ്കൂള്‍ മീറ്റില്നിന്നായി ഇരുപതില്‍ അധികം മെഡലുകള്‍ ബബത സ്വന്തമാക്കി. പാലക്കാട് വാണിയാംകുളം സ്വദേശിയായ ബബിതയുടെ അവസാന സ്കൂള്‍ മീറ്റാണിത്. പൂനയില്‍ ആരംഭിച്ച സ്കൂള്മീറ്റ് പോരാട്ടത്തിന് അതേ സ്റ്റേഡിയത്തില്‍ ഇരട്ട സ്വര്‍ണത്തോടെ ശുഭപര്യവസാനം.3000 സ്വര്‍ണം നേടി പത്ത് മിനിറ്റിനുള്ളിലാണ് ഇന്നലെ 800 മീറ്റര്‍ യോഗ്യതാറൗണ്ടിലും ബബിതയ്ക്ക് ഇറങ്ങേണ്ടിവന്നത്.അതുകൊണ്ടുതന്നെ യോഗ്യതയില്‍ ഒമ്പതാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ. മത്സര ക്രമത്തിന്റെ പ്രശ്നം വെളിപ്പെടുത്തുന്ന മറ്റൊരു സംഭവമായി അത്. രാവിലെ മുതല്‍ പോരാട്ടവേദിയിലെത്തിയ ബബിത ഇന്നലെ മടങ്ങുമ്പോള്‍ മൂന്ന് മത്സരങ്ങളിലായി ഓടിയത് 5.3 കിലോമീറ്റര്‍!