ഭുവനേശ്വർ: വൗ… സൂപ്പർ മുഖ്യമന്ത്രി… എന്നൊക്കെ പറയണമെങ്കിൽ അങ്ങ് ഒഡീഷയിലേക്കു ചെല്ലണം. കായികതാരങ്ങൾക്കു പൂർണ പിന്തുണ നൽകുന്ന ഒരു മുഖ്യമന്ത്രി അവിടെയുണ്ട്, നവീൻ പട്നായിക്. കേരളത്തിൽ കാര്യങ്ങൾ രസകരമാണ്.
2018 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള ജോലിയുടെ ഫയൽ ഇതുവരെ ഓട്ടം പൂർത്തിയാക്കിയിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഒരിക്കൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നാട്ടിലാണിതെന്നതും ശ്രദ്ധേയം. ചുരുക്കത്തിൽ രാജ്യത്തിനായി കേരളക്കാർ വിയർപ്പൊഴുക്കിയാൽ വാഗ്ദാനങ്ങൾ മാത്രമായിരിക്കും ലഭിക്കുക. അതു നിറവേറണമെങ്കിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുന്ന അവസ്ഥയാണുള്ളത്…
വിധി, അല്ലാതെന്ത്…
ഏഷ്യൻ ഗെയിംസിന് ഒരുങ്ങുന്ന കായിക താരങ്ങൾക്ക് ഒഡീഷ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 10 ലക്ഷം രൂപവീതം. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഒഡീഷക്കാർക്കാണു പരിശീലനത്തിനുള്ള സഹായമായി 10 ലക്ഷം രൂപവീതം നവീൻ പട്നായിക് പ്രഖ്യാപിച്ചത്.
ഈ മാസം 23നു ചൈനയിലെ ഗ്വാങ്ഷുവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ 13 ഒഡീഷ താരങ്ങൾ ഇന്ത്യക്കുവേണ്ടി ഇറങ്ങും.ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന തങ്ങളുടെ കായികതാരങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ ജോലിയാണു മധ്യപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഏഷ്യൻ ഗെയിംസിനു തയാറെടുക്കുന്ന പഞ്ചാബിൽനിന്നുള്ളവർക്കു പരിശീലനത്തിന് അവിടുത്തെ സർക്കാർ എട്ടു ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്പോഴാണ് കേരളത്തിന്റെയും മലയാളി അത്ലറ്റുകളുടെയും ദയനീയസ്ഥിതി മനസിലാകുക. കായികതാരങ്ങൾക്ക് ജോലിക്കായി അയൽ സംസ്ഥാനങ്ങളിലേക്കു ചേക്കേറേണ്ട സ്ഥിതിവരുത്തി വയ്ക്കുകയാണു കേരളം.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണം നേടിയ വി.കെ. വിസ്മയ, മിക്സ്ഡ് റിലേയിൽ സ്വർണവും 400 മീറ്ററിൽ വെള്ളിയും നേടിയ മുഹമ്മദ് അനസ്, ലോംഗ്ജംപിൽ വെള്ളി മെഡൽ നേടിയ നീന പിന്റോ, 4 x 400 പുരുഷ വിഭാഗം റിലേയിൽ മെഡൽ നേടിയ പി. കുഞ്ഞുമുഹമ്മദ്, വനിതാ 1500 മീറ്റർ വെങ്കല ജേതാവായ പി.യു. ചിത്ര എന്നിങ്ങനെ നീളുന്നു കേരള സർക്കാരിന്റെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് കാത്തിരിപ്പു തുടരുന്നവർ…