ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം പാരാ അത്ലറ്റ് ദേവേന്ദ്ര ജജാരിയയും മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗും സ്വന്തമാക്കി. ഇന്നലെയാണ് അവാർഡ് ജേതാക്കളെ കായികമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുന്‍ ഒളിമ്പ്യന്മാരും അര്‍ജുന, ദ്രോണാചാര്യ , ധ്യാന്‍ചന്ദ് പുരസ്കാര ജേതാക്കളും കായിക മന്ത്രാലയവും ഉള്‍പ്പെട്ട സെലക്ഷന് കമ്മിറ്റിയാണ് ജേതാക്കളെ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കായികബഹുമതിയായ ഖേല്‍രത്നയ്ക്ക് അര്‍ഹത നേടുന്ന ആദ്യ പാരാലിമ്പ്യന് കൂടിയാണ് ജജാരിയ.
പാരാലിമ്പിക്സില്‍ രണ്ടു ജാവലിന്‍ സ്വര്‍ണങ്ങളാണ് ജാജരിയ സ്വന്തമാക്കിയിട്ടുള്ളത്. ജസ്റ്റിസ് സി.കെ താക്കര്‍ നേതൃത്വം നല്കുന്ന സെലക്ഷന് കമ്മിറ്റി ആദ്യം തെരഞ്ഞെടുത്തതും പാരാലിമ്പ്യനെയായിരുന്നു. സര്‍ദാറിനെ രണ്ടാമതായി പരിഗണിച്ച സെലക്ഷന് കമ്മിറ്റി ഒടുവില്‍ ഇരുവരെയും അര്‍ഹരാക്കുകയായിരുന്നു.
സിവിലിയന്‍ ബഹുമതിയായ പദ്മശ്രീ 2015ല്‍ ഏറ്റുവാങ്ങിയിട്ടുള്ള സര്‍ദാര്‍ രണ്ടു തവണ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയിട്ടുണ്ട്. ഖേല്‍ രത്നയ്ക്കു പുറമെ മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലകര്‍ക്കു നല്കി വരുന്ന ദ്രോണാചാര്യ അവാര്‍ഡിന് ഏഴു പേര് അര്‍ഹരായി. അര്‍ജുന അവാര്‍ഡ് നേടിയ 17 പേരില്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ചേതേശ്വര്‍ പൂജാര, പാരാ അത്ലറ്റ് മാരിയപ്പന്, വരുണ്‍ സിംഗ് ഭാട്ടി, ഹോക്കി താരം എസ്.വി.സുനി എന്നിവര്‍ ഉള്‍പ്പെടുന്നു.