പേരാമ്പ്ര: ഒളിന്പ്യൻ ജിൻസൻ ജോൺസന്റെ ജന്മനാടായ ചക്കിട്ടപാറയിൽ അത്യാധുനിക സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കാൻ പദ്ധതി തയാറാകുന്നു. മന്ത്രി ടി.പി. രാമകൃഷ്ണൻ മുൻകൈയെടുത്ത് ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഹാളിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു പ്രവർത്തന അവലോകനം നടത്തി.
പദ്ധതിയുടെ സൂത്രധാരനായ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എസ്. ജെയിംസ് കൺവീനറായി 15 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്കു രൂപം നൽകി. കായിക യുവജന കാര്യാലയം എക്സി. എൻജിനിയർ ആർ. ബിജു, പ്രമുഖ ആർക്കിടെക്ട് ബിനു സിറിയക്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ജെ. മത്തായി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
സംസ്ഥാന കായിക വകുപ്പിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. മൊത്തം 9.68 ഏക്കർ സ്ഥലമാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള മൂന്നു ഏക്കർ സ്ഥലം കൈമാറാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ കൈവശമുള്ള മൂന്നു ഏക്കർ 68 സെന്റ് സ്ഥലം കൈമാറും. ഇതിനിടയിൽ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള മൂന്ന് ഏക്കർ സ്ഥലം വാങ്ങാനും തീരുമാനമായിട്ടുണ്ട്.
400 മീറ്റർ സിന്തറ്റിക് ട്രാക്ക്, മൾട്ടിപ്പിൾ കോർട്ട്, ബാസ്കറ്റ് ബോൾ കോർട്ട്, ഫുട്ബോൾ കോർട്ട്, ജിംനേഷ്യം, ഗാലറി – റെസ്റ്റ് റൂം, നീന്തൽകുളം, ഹെൽത്ത് സെന്റർ, സ്പോർട്സ് ഹോസ്റ്റൽ എന്നിവയാണു സ്ഥാപിക്കാനുദ്ദേശിക്കുന്ന പദ്ധതികൾ.
കഴിഞ്ഞ മാർച്ച് 21നു ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മലയോര മേഖലയുടെ കായിക മുന്നേറ്റത്തെക്കുറിച്ച് സെമിനാർ നടത്തിയിരുന്നു. ഇതിലുയർന്ന നിർദ്ദേശങ്ങൾ സർക്കാരിനു സമർപ്പിച്ചിരുന്നു.
പിന്നീട് ജൂൺ 21നു കായിക മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു യോഗം ചേർന്നു പദ്ധതി നടപ്പിലാക്കാൻ തത്വത്തിൽ തീരുമാനമെടുത്തു. സ്പോർട്സ് കൗൺസിലിനെ പ്രോജക്ട് തയാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. നിലവിലുള്ള ചക്കിട്ടപാറ ഗ്രാമീണ സ്റ്റേഡിയത്തിനു 200 മീറ്റർ ട്രാക്കാണുള്ളത്.
റവന്യു ജില്ല സ്കൂൾ കായിക മേളയടക്കം ഇവിടെ നടത്തിയിട്ടുണ്ട്. കെ.എം. പീറ്ററിന്റെ ശിക്ഷണത്തിൽ ജിൻസൺ ജോൺസനടക്കം നിരവധി അന്താരാഷ്ട്ര കായിക താരങ്ങൾക്കു ജന്മം നൽകിയ കളിസ്ഥലമാണിത്. കെ.എം പീറ്ററിന്റെ കൂടെ സഹകരണത്തോടെയാണു പുതിയ കായിക പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതോടൊപ്പം കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഇവിടെ ഡിഗ്രി, പിജി കോഴ്സുകൾ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.