തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സിൽ ആസ്ഥാനമന്ദിരത്തിന്റെ മേൽക്കൂര നവീകരിക്കാനായി ചെലവഴിക്കുന്നത് 36 ലക്ഷം രൂപ. പുരാവസ്തു വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കേരള സ്പോർട്സ് കൗണ്‍സിൽ മന്ദിരത്തിൽ നിലവിലുള്ള നിർമാണ രീതി നിലനിർത്തി ഉള്ള അറ്റകുറ്റപ്പണികൾ മാത്രമേ സാധ്യമാകുകയുള്ളൂ.
ട്രിവാൻഡ്രം വികസന ഏജൻസി (ട്രിഡ) കഴിഞ്ഞ വർഷം 22 ലക്ഷം രൂപയ്ക്കു മേൽക്കൂര അറ്റകുറ്റപ്പണി നടത്താമെന്നു സർക്കാരുമായി കരാറായതാണ്. എന്നാൽ, ഇതു മുന്നോട്ടുപോയി. ഒരു വർഷം തികയുംമുമ്പേ 14 ലക്ഷം കൂടി അധികമായി നല്കി ഇപ്പോൾ മറ്റൊരു ഏജൻസിയെക്കൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് നീക്കം.
അഞ്ചു കോടിയുടെ കായികഭവൻ
കേരള സ്പോർട് കൗണ്‍സിലിനായി പുതിയ കായികഭവൻ അഞ്ചു കോടി രൂപ മുടക്കി നിർമിക്കാനുള്ള പ്രഖ്യാപനം സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ കഴിഞ്ഞ മാർച്ച് 30ന് പത്രസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. ഇത്രയധികം പണം മുടക്കി പുതിയ കായികഭവൻ നിർമിക്കാനിരിക്കെ നിലവിലുള്ള കൗണ്‍സിൽ കെട്ടിടത്തിന്റെ മേൽക്കൂര 36 ലക്ഷം രൂപ മുടക്കി നവീകരിക്കുന്നതിനെതിരേ വ്യാപക പരാതി ഉയർന്നു കഴിഞ്ഞു. കായികമന്ത്രിയെ നേരിൽക്കണ്ടു പരാതി അറിയിക്കാൻ ഒരുപറ്റം കായികതാരങ്ങളും പരിശീലകരും തീരുമാനിച്ചിട്ടുണ്ട്.
മേഴ്സിക്കുട്ടൻ ചോദിച്ചില്ല എന്നിട്ടും
കൗണ്‍സിലിൽ സാന്പത്തിക അച്ചടക്കം പൂർണമായും നഷ്ടമായിരിക്കുന്ന ആക്ഷേപം ഒരുവിഭാഗം അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾ തന്നെ മുന്നോട്ടുവയ്ക്കുന്നു. കൗണ്‍സിൽ വൈസ് പ്രസിഡന്റ് ഒളിന്പ്യൻ മേഴ്സിക്കുട്ടനു വേണ്ടി ഒരു പുതിയ മുറി നിലവിലുള്ള കെട്ടിടത്തിനുള്ളിൽ തയാറാക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിനും ലക്ഷങ്ങൾ വകയിരുത്തി. നിലവിൽ ഒരു ഓഫീസ് റൂമിനു വേണ്ട സൗകര്യങ്ങളെല്ലാം വൈസ് പ്രസിഡന്റിന് ഒരുക്കിയിട്ടുണ്ട്.
എന്നാൽ, വീണ്ടും ഒരു മുറി വൈസ് പ്രസിഡന്റിനായി ലക്ഷങ്ങൾ മുടക്കി നിർമിക്കാൻ തീരുമാനിച്ചതിനെതിരേയും ആക്ഷേപമുണ്ട്. എന്നാൽ, വൈസ് പ്രസിഡന്റ് തനിക്കു പുതിയ മുറി വേണമെന്ന് അഡ്മിനിസ്ട്രേറ്റീവ് യോഗത്തിൽ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് വിചിത്രം. പിന്നെ ആരുടെ താത്പര്യപ്രകാരമാണ് മുറി നിർമിക്കുന്നതെന്നതിന് ഉത്തരമില്ല.
മണ്ണിൽ പുതഞ്ഞത്
കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സെൻട്രൽ സ്റ്റേഡിയത്തിന്റെ വശത്തു കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി വൻ തുക എഴുതി മാറ്റിയതായി മറ്റൊരു ആക്ഷേപം ഉയർന്നിട്ടുണ്ട്.
എത്ര ലോഡ് മണ്ണ് നീക്കം ചെയ്തുവെന്നു പോലും വ്യക്തതയില്ല. ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്നുള്ള പി.ടി. ഉഷാ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന അറ്റകുറ്റപ്പണിയുടെ പേരിൽ ഇതിനോടകം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു കഴിഞ്ഞു. വിവിധ സ്പോർട്സ് ഹോസ്റ്റലുകളിൽ കോച്ചുമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന കൗണ്‍സിൽ അധികാരികൾക്കു നിർമാണ പ്രവർത്തനങ്ങൾ എന്നുകേട്ടാൽ മിന്നൽ വേഗമാണെന്നാണ് സംസാരം.
തോമസ് വർഗീസ്