കൊല്ലം: കായികരംഗത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതിനായി ഇനി എല്ലാ ജില്ലകളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കായിക വികസന പദ്ധതിയുടെ ഭാഗമായ സ്പോര്‍ട്സ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തനം, പാലിയേറ്റിവ് കെയര്‍, ശുചീകരണ വൈദഗ്ധ്യം തുടങ്ങിയവയുള്ള യുവജനങ്ങളെ ഉള്‍പ്പെടുത്തി കേരള യൂത്ത് വൊളന്റിയര്‍ ഫോഴ്സ് സംസ്ഥാനത്ത് രൂപീകരിക്കും. ഒരു ലക്ഷം പേരെ ഉള്‍പ്പെടുത്തി പരിശീലനവും നല്‍കും.
പുതുതായി രൂപീകരിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലുകള്‍ യുവജന-കായിക ക്ലബ്ബുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കും. പഞ്ചായത്ത് അടിസ്ഥാനത്തിലും കൗണ്‍സിലുകള്‍ രൂപീകരിക്കുന്നത് പരിഗണിക്കും. കായിക മേഖലയില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. കായിക രംഗത്തെ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.
യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത 300 ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, കാരംസ്, ചെസ്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നീ ഇനങ്ങള്ക്കാവശ്യമായ ഉപകരണങ്ങളാണ് കിറ്റിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. കെ. സോമപ്രസാദ് എം. പി. വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ആഷാ ശശിധരന്, വി. ജയപ്രകാശ്, അഡ്വ. ജൂലിയറ്റ് നെല്സന്, ഇ.എസ്. രമാദേവി, അഡ്വ. എസ്. പുഷാപനന്ദന്, ടി. ഗിരിജാകുമാരി, കെ.ആര്. ഷീജ, മുന്‍ പ്രസിഡന്റ് കെ. ജഗദമ്മ, മുന്‍ വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, കൗണ്‍സിലര്‍ ബി. ഷൈലജ, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.