കൽപ്പറ്റ: സ്പോർട്സ് കൗണ്‍സിലിന്റെ ഹോസ്റ്റലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് ചെളി നിറഞ്ഞ ഗ്രൗണ്ടിലായതിനാൽ വിദ്യാർഥികളുടെ പ്രകടനത്തെ ബാധിച്ചെന്ന് ആക്ഷേപമുയരുന്നു. ഇന്നലെ നടന്ന സെലക്ഷൻ ട്രയൽസിൽ 200ലധികം കുട്ടികളാണ് പങ്കെടുത്തത്.
അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ ഇനങ്ങളിലേക്കായിരുന്നു ഇന്നലെ സെലക്ഷൻ ട്രയൽസ് നടന്നത്. സെലക്ഷൻ ട്രയൽസ് നടന്ന എസ്കഐംജെ സ്കൂൾ ഗ്രൗണ്ട് മഴയിൽ ചെളിനിറഞ്ഞ നിലയിലായിരുന്നു. ഇതിലായിരുന്നു കുട്ടികളുടെ കായിക ക്ഷമതാ പരീക്ഷ.
പല കുട്ടികൾക്കും തങ്ങളുടെ മികച്ച പ്രകടനം ഇവിടെ പുറത്തെടുക്കാനായില്ലെന്നാണ് രക്ഷിതാക്കളടക്കമുള്ളവരുടെ ആക്ഷേപം.30 മീറ്റർ ഓട്ടം, സ്റ്റാന്റിംഗ് ബ്രാഡ് ജംപ്, 10 മീറ്റർ ഷട്ടിൽ റണ്‍ എന്നിവയായിരുന്നു കുട്ടികളുടെ കായിക്ഷമത അളക്കാൻ അധികൃതർ പരീക്ഷിച്ചത്.
എന്നാൽ ചളി നിറഞ്ഞതിനാൽ പല കുട്ടികൾക്കും അവരുടെ മികവിലേക്ക് ഉയാരാനായില്ലെന്നാണ് ആക്ഷേപമുയർന്നത്. ഏഴ്, എട്ട്, പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വർഷം എന്നീ ക്ലാസുകളിലേക്കുള്ള സെലക്ഷനാണ് നടത്തിയത്.
കനത്ത മഴയായതിനാൽ സെലക്ഷൻ മാറ്റിവയ്ക്കണമെന്ന ആവശ്യമുയർന്നെങ്കിലും 15ന് മുന്‍പ് സെലക്ഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംസ്ഥാനതലത്തിൽ നിന്നു നിർദേശമുണ്ടായിരുന്നു. ഇതിനാലാണ് സെലക്ഷൻ നടത്തിയത്. കനത്ത മഴയിൽ ചെളിക്കുളമായി മാറിയ ഗ്രൗണ്ടിൽ കുട്ടികൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.