മാന്നാർ: ലോകമാകെ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും കേരളത്തില്‍ സര്‍ക്കാര്‍ കായികരംഗത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. കേരളോത്സവം പഞ്ചായത്ത് തലത്തില്‍ അട്ടിമറിക്കപ്പെട്ടതിനെതിരേ യൂത്ത് കോണ്‍ഗ്രസ് ബുധനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കായികോത്സവ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാരിനോട് കായികരംഗത്തെ നേട്ടങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ 250 കോടി രൂപ ചെലവാക്കി മെസിയെ കൊണ്ടുവരുമെന്ന് പറയുന്നത് മാത്രമാണ് നേട്ടമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കായിക സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വിരോധബുദ്ധിയോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
ബുധനൂർ പഞ്ചായത്ത് നിലവാരമില്ലാതെ സംഘടിപ്പിച്ച കേരളോത്സവം പരിപാടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റി ഒരാഴ്ചയായി മുന്നൂറിൽപരം ചെറുപ്പക്കാരെ അണിനിരത്തി സംഘടിപ്പിച്ച കായികോത്സവ് പരിപാടിയിൽ 40,000 രൂപ കാഷ് പ്രൈസും ട്രോഫിയും നൽകി.
യോഗത്തിന് ബുധനൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്രഭ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. ജോൺ ഉളുന്തി, ഡിസിസി എക്സിക്യൂട്ടീവ് അംഗം ജോർജ് തോമസ്, രാഹുൽ കൊഴുവല്ലൂർ, ഹരി ഗ്രാമം, അൻസിൽ അസീസ്, ഷമീം റാവുത്തർ, വരുൺ മട്ടയ്ക്കൽ, സതീഷ് ബുധനൂർ, സുരേഷ് തെക്കേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.