വൈപ്പിൻ: മികച്ച ഒരു ഫുട്ബോളറാകാൻ പഞ്ചാബിലേക്ക് വണ്ടികയറിയ 18 കാരൻ ഞാറയ്ക്കൽ വലിയവീട്ടിൽ നിരഞ്ജൻ തിരിച്ചെത്തിയത് ഫുട്ബോൾ പരിശീലകനായി.
നാട്ടിൽ ഫുട്ബോൾ കളിയിൽ മിടുക്കനായിരുന്നെങ്കിലും കളിയുടെ വിജയ തന്ത്രങ്ങൾ പഠിക്കുകയായിരുന്നു നിരഞ്ജന്റെ പഞ്ചാബ് യാത്രയുടെ ലക്ഷ്യം. ചെന്നെത്തിയത് മിനർവ ഫുട്ബോൾ അക്കാദമിയിൽ. മൂന്ന് മാസത്തെ ക്യാമ്പിനായി അവിടെ ചേർന്നു. ഇതിനിടെ എലൈറ്റ് ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതാണ് വഴിത്തിരിവായത്.
പിന്നീട് ചീഫ് കോച്ച് യാൻ ലോയുടെ നിർദേശപ്രകാരം ഡി ലൈസൻസ് കോഴ്സിന് ചേർന്നു. ഒരു മാസത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത ഫുട്ബോൾ പരിശീലകനായിട്ടാണ് ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്. ഒൻപതാം വയസിൽ വൈപ്പിൻ സെവൻ ആരോസ് ഫുട്ബോൾ അക്കാദമിയിലാണ് ഹരിശ്രീ കുറിച്ചത്.
ഗോൾ കീപ്പറായിരുന്നു. ഇതിനിടെ കോഴിക്കോട് നടന്ന സെപ്റ്റ് ഫെസ്റ്റിൽ ടീം ചാമ്പ്യന്മാരായപ്പോൾ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സ്പോർട്സ് കൗൺസിലുൾപ്പെടെ അഞ്ചോളം റസിഡൻഷ്യൽ അക്കാദമികളിലേക്ക് സെലക്ഷൻ കിട്ടിയെങ്കിലും നിരഞ്ജൻ തെരഞ്ഞെടുത്തത് മലപ്പുറം ചേലേമ്പ്ര എൻഎൻഎം എച്ച്എസ് ആയിരുന്നു.
പിന്നീട് ഗോകുലം കേരള അണ്ടർ 13 ടീമിലേക്ക് മാറി. ഇതിനു ശേഷം പ്ലസ് ടു പഠനം മാറ്റിവച്ചാണ് ഫുട്ബോൾ പരിശീലനത്തിനായി പഞ്ചാബിലേക്ക് പോയത്. ഇനി പരിശീലനവും കളിയും ഒരുമിച്ച് കൊണ്ടുപോകാനാണ് നിരഞ്ജന്റെ തീരുമാനം.