തൃക്കരിപ്പൂർ: ഉത്തരകേരളത്തിന്റെ കായികസ്വപ്നങ്ങൾക്ക് നിറമേകി ഫുട്ബോൾ കമ്പക്കാരുടെ നാട്ടിൽ വിവിധോദ്ദേശ്യ സ്റ്റേഡിയം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് ടർഫിനോട് ചേർന്നാണ് പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ആധുനികസൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം വരുന്നത്. സ്റ്റേഡിയം സ്ഥാപിക്കുന്നതിനുള്ള 32 കോടിയുടെ ടെൻഡർ സർക്കാർ അംഗീകരിച്ചു. മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന്റെ കരാർ ലഭിച്ചിരിക്കുന്നത്.
ഈ മാസം കായികമന്ത്രി ഇ.പി. ജയരാജൻ തറക്കല്ലിടുന്നതോടെ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിക്കും. നടക്കാവ് വലിയകൊവ്വൽ മൈതാനിയിൽ ഗ്രാമപഞ്ചായത്ത് കൈമാറിയ ആറര ഏക്കർ ഭൂമിയിൽ മൂന്ന് ഏക്കറിലാണ് ഇൻഡോർ സ്റ്റേഡിയം വരുന്നത്. നിലവിലുള്ള സിന്തറ്റിക്ക് ടർഫിന് പടിഞ്ഞാറുഭാഗത്തായി റോഡിനോടു ചേർന്ന് പണിയുന്ന സ്റ്റേഡിയം എല്ലാ കായികവിനോദങ്ങൾക്കായും ഒരു കുടക്കീഴിൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ്.
ബാസ്കറ്റ്ബോൾ, വോളിബോൾ, കബഡി, ടേബിൾ ടെന്നിസ് തുടങ്ങിയ വിഭാഗത്തിന് പ്രത്യേകം സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും. സിന്തറ്റിക്ക് ടർഫ് ഇതിനോട് ചേർക്കുന്നതിനാൽ അവിടെ ഫുട്ബോൾ മത്സരങ്ങൾക്കും പരിശീലനത്തിനും വേദിയാകും. സ്വിമ്മിംഗ് പൂളും ഉന്നതനിലവാരത്തിലുള്ള കൺവൻഷൻ സെന്ററുമുണ്ടാകും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇൻഡോർ സ്റ്റേഡിയമെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് നടക്കാവിലെ വലിയകൊവ്വൽ മൈതാനത്ത് വിവിധോദ്ദേശ്യ സ്റ്റേഡിയം നിർമിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യത്തെ ബഡ്ജറ്റിൽ തന്നെ പദ്ധതിക്ക് തുക വകയിരുത്തി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ പലകാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെല്ലാം നിലവിൽ ഇത്തരത്തിലുളള സ്റ്റേഡിയമുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ വടക്കൻ കേരളത്തിലെ കായിക പുരോഗതിക്ക് ആക്കം കൂട്ടുമെന്ന് കായികപ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നു. നടക്കാവ് നിർമിക്കുന്ന സ്റ്റേഡിയത്തിന് അന്തരിച്ച ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന എംആർസി കൃഷ്ണന്റെ പേര് നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
എം. രാജഗോപാലൻ എംഎൽഎ ചെയർമാനായും പഞ്ചായത്ത് പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ പ്രതിനിധി, ജനപ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, കായികതാരങ്ങൾ തുടങ്ങിയവർ അടങ്ങുന്ന മോണിറ്ററിംഗ് സമിതിയുമായിരിക്കും വിവിധോദ്ദേശ്യ സ്റ്റേഡിയത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുക.