അനീഷ് ആലക്കോട്
പൂന: പതിവു തെറ്റിയില്ല. പെണ്‍കുട്ടികളുടെ കരുത്തില്‍ കേരളം വീണ്ടുമൊരു ദേശീയ സ്കൂള്‍ അത്‌ലറ്റിക് കിരീടം സ്വന്തമാക്കി. കേരളത്തിന് അഭിമാനമായ ആ കിരീടവുമായി ചുണക്കുട്ടികള്‍ ഇന്നു മലയാളക്കരയില്‍ ട്രെയിനിറങ്ങും. ദേശീയ സ്കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിനെ ഇതാദ്യമായി സീനിയര്‍, ജൂണിയര്‍, സബ് ജൂണിയര്‍ എന്നിങ്ങനെ മൂന്നു കഷണങ്ങളാക്കിയെങ്കിലും കിരീടപോരാട്ടത്തില്‍ കേരളത്തിന് വെല്ലുവിളിയാകാന്‍ തമിഴ്‌നാടിനോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കോ സാധിച്ചില്ല. 11 സ്വര്‍ണവും 13 വെള്ളിയും ഏഴ് വെങ്കലവുമായാണ് കേരളം ബാലേവാഡി ഛത്രപതി ശിവജി സ്‌റ്റേഡിയത്തില്‍ നടന്ന സീനിയര്‍ വിഭാഗം പോരാട്ടത്തില്‍ കിരീടമണിഞ്ഞത്.
കേരളത്തിന്‍റെ അക്കൗണ്ടിലെത്തിയ സ്വര്‍ണത്തില്‍ ഏഴെണ്ണത്തിനു പിന്നില്‍ പെണ്‍കുട്ടികളായിരുന്നു. റിലേ, സ്പ്രിന്‍റ്, 5000, 10000, ലോംഗ്ജംപ് ഇനങ്ങളില്‍ പക്ഷേ, പെണ്‍കുട്ടികള്‍ക്ക് അടിതെറ്റി. ടീം ക്യാപ്റ്റന്‍ സി. ബബിത, വൈസ് ക്യാപ്റ്റന്‍ അബിത മേരി മാനുവല്‍ എന്നിവരുടെ ഇരട്ട സ്വര്‍ണമാണ് അതിലെ പ്രത്യേകത. 1500, 3000 മീറ്ററുകളിലായിരുന്നു കല്ലടി സ്കൂളിന്‍റെ പൊന്‍താരകമായ ബബിത സ്വര്‍ണം നേടിയത്. ഉഷയുടെ പ്രിയശിഷ്യ ബബിത 400, 800 മീറ്ററുകളില്‍ റിക്കാര്‍ഡോടെയാണ് സ്വര്‍ണത്തിലെത്തിയത്.
കിരീടത്തിലേക്കുള്ള കേരളത്തിന്‍റെ കുതിപ്പിന് ഇന്ധനം പകര്‍ന്നത് 34 പോയിന്‍റുമായി പാലക്കാട് കല്ലടി എച്ച്എസ്എസ്. അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും കല്ലടിക്കാര്‍ സ്വന്തമാക്കി. ബബിത, വി. മുഹമ്മദ് അജ്മല്‍ (200 മീറ്റര്‍), അര്‍ഷ ബാബു (പോള്‍വോള്‍ട്ട്), അനില വേണു (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവര്‍ കല്ലടിയുടെ സുവര്‍ണ താരങ്ങളായി.
സെന്‍റ് ജോസഫ്‌സ് എച്ച്എസ് പുല്ലൂരാംപാറയുടെ ലിസ്ബത്ത് കരോളിന്‍ ജോസഫ് (പോള്‍വോള്‍ട്ട്), ശ്രീകൃഷ്ണ എച്ച്എസ്എസ് ഗുരുവായൂരിന്‍റെ കെ.എസ്. അനന്തു (ഹൈജംപ്), സെന്‍റ് ജോര്‍ജ് എച്ച്എസ്എസ് കോതമംഗലത്തിന്‍റെ എസ്. അശ്വിന്‍ (പോള്‍വോള്‍ട്ട്) എന്നിവരും ആണ്‍കുട്ടികളുടെ 4100 മീറ്റര്‍ റിലേയുമാണ് കേരള അക്കൗണ്ടില്‍ സ്വര്‍ണം എത്തിച്ചത്.
||പ്രകടനം പിന്നോട്ടുതന്നെ||
കിരീടം നേടിയെങ്കിലും മുന്‍ വര്‍ഷങ്ങളിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്‍റെ പ്രകടനം പിന്നോട്ടാണ്. 2014 റാഞ്ചിയില്‍ 180, 2015ല്‍ വീണ്ടും റാഞ്ചിയില്‍ 173, 2016ല്‍ കോഴിക്കോട് 156 എന്നിങ്ങനെയായിരുന്നു കേരള പ്രകടനം. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ 97ഉം ആണ്‍കുട്ടികള്‍ 59ഉം പോയിന്‍റ് നേടി. ഇത്തവണ അത് യഥാക്രമം 61ഉം 53ഉം ആയി ചുരുങ്ങി.
റിക്കാര്‍ഡ് നേട്ടത്തിലാണെങ്കിലും പിന്നോട്ടടിക്കുന്നതാണ് കണ്ടത്. കോഴിക്കോട്ട് നടന്ന കഴിഞ്ഞ മീറ്റില്‍ നാല് റിക്കാര്‍ഡ് കേരളം കുറിച്ചിരുന്നു. ഇപ്രാവശ്യം അത് രണ്ട് ആയി കുറഞ്ഞു. കേരളത്തിന്‍റെ കുത്തകയായിരുന്ന ചില ഇനങ്ങളിലും കനത്ത പ്രഹരമേറ്റു. 5000, 10000 മീറ്ററുകളില്‍ പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. 5000 മീറ്ററില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തികഞ്ഞ പരാജയമായി. കോതമംഗലം മാര്‍ ബേസിലിന്‍റെ അനുമോള്‍ തമ്പി പ്രതികൂല കാലാവസ്ഥയില്‍ തളര്‍ന്നുവീണതാണ് 5000, 10000 മീറ്ററുകളില്‍ കേരളത്തെ വലച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ ത്രോ ഇനങ്ങളില്‍ ഹരിയാനയ്ക്കും പഞ്ചാബിനും പ്രതീക്ഷിച്ചപ്രകടനം പുറത്തെടുക്കാനായില്ലെന്നതും ശ്രദ്ധേയം.
||പ്രതീക്ഷകള്‍ ||
ഉഷ സ്കൂളിലെ അബിത മേരി മാനുവല്‍ ഇരട്ട റിക്കാര്‍ഡോടെ 400, 800 മീറ്ററുകളില്‍ സ്വര്‍ണം നേടിയത് കേരളത്തിനും ഇന്ത്യക്കും ശുഭസൂചകമാണ്. സി. ബബിതയും കേന്ദ്രീയ വിദ്യാലയയ്ക്കുവേണ്ടി ഇറങ്ങി ലോംഗ്ജംപില്‍ റിക്കാര്‍ഡിട്ട പാലക്കാട്ടുകാരന്‍ എം. ശ്രീശങ്കറും പോള്‍വോള്‍ട്ടില്‍ റിക്കാര്‍ഡ് കുറിച്ച എസ്. അശ്വിനും ട്രിപ്പിള്‍ജംപില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫും ഭാവിയുടെ വാഗ്ദാനങ്ങള്‍തന്നെ.
കേരളത്തിനു പുറത്തേക്കു നോക്കിയാല്‍ 5000, 1500, ക്രോസ്കണ്‍ട്രി എന്നിവയിലൂടെ ഹാട്രിക് സ്വര്‍ണം നേടിയ ഗുജറാത്തിന്‍റെ അജീത് കുമാര്‍, ട്രിപ്പിളില്‍ റിക്കാര്‍ഡുകാരനായ പഞ്ചാബിന്‍റെ സോനുകുമാര്‍, ഹാമര്‍ത്രോയിലെ റിക്കാര്‍ഡ് ജേതാവ് പഞ്ചാബുകാരന്‍ ധംനീത് സിംഗ്, മഹാരാഷ്ട്രയുടെ ദീര്‍ഘദൂര ഓട്ടക്കാരി പൂനം സോണുനെ തുടങ്ങിയവരുടെ പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു. 4400, 4100 റിലേകളില്‍ റിക്കാര്‍ഡ് സ്വര്‍ണം കരസ്ഥമാക്കിയ തമിഴ്‌നാടിന്‍റെ പെണ്‍കുട്ടികളുടെ പ്രകടനവും ശ്രദ്ധേയമാണ്. തമിഴ്‌നാടിന്‍റെ ഈ റിലേ കുതിപ്പ് കേരളത്തിനാണ് പ്രഹരമേല്‍പ്പിച്ചത്.
||സംഘാടനം പരാജയം||
സംസ്ഥാന മീറ്റിനുശേഷം കാര്യമായ വിശ്രമം ഇല്ലാതെയാണ് കുട്ടികള്‍ ദേശീയ മീറ്റിനെത്തിയത്. മാസങ്ങള്‍ വിശ്രമം നല്‌കേണ്ട പരിക്ക് പറ്റിയാലും മത്സരത്തിന് ഇറങ്ങേണ്ട ഗതികേടിലാണ് ഇവര്‍. അതിന്‍റെ കൂടെ കൂനിന്മേല്‍ കുരു എന്നതുപോലായി ഇത്തവണത്തെ സംഘാടനം. മത്സരക്രമത്തിലെ അപാകടതായണ് പ്രധാനപ്പെട്ടത്. നാല് ദിവസം ഉണ്ടായിരുന്നെങ്കിലും 40 മത്സരങ്ങളില്‍ 38 എണ്ണവും അവസാന മൂന്നു ദിവസങ്ങളിലായിരുന്നു. മൂന്നാം ദിനം 1500, 3000 ഫൈനലും 800ന്‍റെ ഹീറ്റ്‌സും വച്ചത് കുട്ടികളെ വലച്ചു. അന്നേദിവസം ഈ മൂന്ന് ഇനങ്ങളിലും പങ്കെടുത്ത കേരളത്തിന്‍റെ ബബിതയ്ക്ക് ഓടേണ്ടിവന്നത് 5.3 കിലോമീറ്റര്‍! പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് കുട്ടികള്‍ മൈതാനത്തെത്തുന്നത് എന്നത് ഇതിനോട് ചേര്‍ത്തുവയ്ക്കണം.
യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ചില മത്സരങ്ങള്‍ അരങ്ങേറിയത്. വെറുതേ ഗ്രേസ് മാര്‍ക്ക് മാത്രം ലക്ഷ്യമിട്ട് ചില സംസ്ഥാനങ്ങള്‍ കുറേ കുട്ടികളെ ഇവിടെ എത്തിച്ചു. ഹൈജംപില്‍ ചാടാനുള്ള ശ്രമം നടത്താതെ വെറുതേ ക്രോസ് ബാര്‍ തട്ടിത്തെറിപ്പിക്കുന്ന കാഴ്ചപോലും കണ്ടു.
പോയിന്‍റ് അല്ല നേടുന്ന മെഡലാണ് ടീമുകളുടെ സ്ഥാനം നിര്‍ണയിക്കുന്നതെന്ന പുതിയ നിയമവും രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ ആതിഥേയര്‍ ഉണ്ടാക്കി. സബ്ജൂണിയര്‍ മത്സരങ്ങള്‍ അടുത്ത മാസം ഏഴ് മുതല്‍ ഒമ്പതുവരെ ഇതേ ഗ്രൗണ്ടില്‍ നടക്കും. ഇപ്പോള്‍ കാണിച്ച സംഘാടനത്തിന്‍റെ തനിയാവര്‍ത്തനമല്ലാതിരുന്നാല്‍ കുട്ടികളുടെ ഭാഗ്യം!