പാലാ: സംസ്ഥാന കായികോത്സവത്തിനു പാലായിൽ തുടക്കമായി. ഇന്നു രാവിലെ കൃത്യംഏഴിന് സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് മത്സരങ്ങൾ തുടങ്ങിയത്. പാലക്കാട് പറളി സ്കുളിലെ പി.എൻ. അജിത്ത് റിക്കാർഡോടെ സ്വർണം നേടി. ഇതോടെ കായികമേളയിൽ തുടക്കത്തിൽ തന്നെ പാലക്കാട് കുതിക്കുവാൻ തുടങ്ങി.
പറളി പടിഞ്ഞാക്കര നാരായണൻ കുട്ടിയുടെ മകനായ അജിത്ത് 14.48 സമയം കൊണ്ടാണ് 40 പേരെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. പാലായിലെ സിന്തറ്റിക് ട്രാക്കിലെ ആദ്യ വിജയി കൂടിയാണ് അജിത്ത്. 1500 മീറ്ററിലും ക്രോസ് കണ്ട്രി മത്സരത്തിലും പങ്കെടുക്കുന്ന അജിത്ത് തന്റെ വിജയം അധ്യാപകർക്കും സഹപാഠികൾക്കും മാതാപിതാക്കൾക്കുമാണ് സമർപ്പിക്കുന്നത്.
പ്ലസ്ടു വിദ്യാർഥിയായ അജിത്തിന്റെ അവസാനത്തെ സ്കൂൾ മീറ്റാണിത്.പാലായിലെ പുതിയ സിന്തറ്റിക്ക് ട്രാക്ക് മികച്ച നിലവാരം പുലർത്തുന്നതാണെന്നും നല്ല രീതിയിൽ ഓടാൻ കഴിഞ്ഞെന്നും ഇവിടെ നിരവധി റിക്കാർഡുകൾ പിറക്കുമെന്നും അജിത്ത് പറഞ്ഞു.
ജൂണിയർ ആണ്‍കൂട്ടികളുടെ 3000മീറ്ററിൽ തിരുവനന്തപുരം സായി പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച് എസ്എസിലെ സൽമാൻ ഫറൂക്ക് സ്വർണം നേടി. കോട്ടയം കൂട്ടിക്കൽ ഏന്തയാർ സ്വദേശിയാണ്.
സീനിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിൽ മാർ ബേസിൽ സ്കൂളിലെ അനുമോൾ തന്പിയും സ്വർണം നേടി.ഇന്നു വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കായികോത്സവം ഉദ്ഘാടനവും പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കായികമന്ത്രി എ.സി.മൊയ്തീൻ, കെ.എം.മാണി എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.