തിരുവനന്തപുരം: കായിക കേരളത്തിന്റെ കുതിപ്പിനു ശക്തി പകരേണ്ട സ്കൂൾ കായികതാരങ്ങളും അവരുടെ പരിശീലകരും മുഴുപ്പട്ടിണിയിലേക്ക്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഈ അധ്യയന വർഷം ആരംഭിച്ച ശേഷം ഒരു രൂപ പോലും ഭക്ഷണ അലവൻസ് നല്‍കിയിട്ടില്ല.
പ്രതിദിനം 250 രൂപയാണ് സ്പോർട്സ് ഹോസ്റ്റലിൽ നിന്നു പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗണ്‍സിൽ നല്‍കേണ്ടത്. ഇതേപോലെ ഇവരുടെ പരിശീലകർക്ക് ജൂലൈയിലെ ശന്പളം ഓഗസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പരിശീലകരുടെ ശന്പളക്കുടിശിക രണ്ടു മാസത്തേതായി മാറും.
സ്കൂൾ, കോളജ് കായിക താരങ്ങളോടും അവരുടെ പരിശീലകരോടും സ്പോർട്സ് കൗണ്‍സിലിന്റെ ചിറ്റമ്മനയം തുടരുന്നതിനെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്. കായികതാരങ്ങൾക്കു കൃത്യമായ അലവൻസും പരിശീലകർക്കു ശന്പളവും നല്‍കുകയെന്നത് കൗണ്‍സിലിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്.
അതുപോലും കൃത്യമായി നടത്താൻ കൗണ്‍സിലിനു സാധിക്കുന്നില്ല. ശന്പളം കിട്ടാതെ വന്നതോടെ പരിശീലകരേറെയും കടുത്ത പ്രതിസന്ധിയിലുമായി. സ്പോർട്സ് ഹോസ്റ്റൽ കുട്ടികൾക്കു ഭക്ഷണത്തിനായി പലചരക്ക് സാധനങ്ങൾ കടം വാങ്ങിയാണു കഴിഞ്ഞ മൂന്നു മാസമായി മുന്നോട്ടു പോകുന്നത്. എത്രനാൾ ഇത്തരത്തിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്നു കടമായി സാധനങ്ങൾ ലഭിക്കുമെന്നൊരുറപ്പുമില്ലെന്നു ഹോസ്റ്റൽ അധികൃതർ തന്നെ വ്യക്തമാക്കുന്നു.
കായിക പരിശീലകരെ കൂടാതെ സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിലിലെയും ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിലെയും ക്ലറിക്കൽ ജീവനക്കാരും ശന്പളത്തിനായി കാത്തിരിപ്പ് തുടരുകയാണ്. സർക്കാരിൽ നിന്നു കൃത്യമായി ഫണ്ടുകൾ ലഭിക്കാത്തതാണ് ഈ പ്രതിസന്ധിക്കു കാരണമെന്നാണ് സൂചന. സ്കൂൾ, കോളജ് തലങ്ങളിലെ ഹോസ്റ്റലുകളിലായി ഏകദേശം മൂവായിരത്തോളം കായികതാരങ്ങളാണു പരിശീലിക്കുന്നത്.
ഇതിനിടെ തങ്ങളുടെ ദുരിതം നേരിട്ടു കായിക മന്ത്രിയെ അറിയിക്കാനായി ഇന്ന് കായികാധ്യാപകർ മന്ത്രിയെ സന്ദർശിക്കാനും നീക്കമുണ്ട്.
തോമസ് വർഗീസ്