ബിഗ് ഫോര്‍ ബിഗ് ഫൈവാക്കി മാറ്റിയ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്ക എന്നിവരും കിരീടം ലക്ഷ്യമാക്കിത്തന്നെയാണ് കളത്തിലിറങ്ങുക.ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ടെന്നീസ് കോര്‍ട്ടിലേക്കു മടങ്ങിയെത്തിയ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ഹോപ്മാന്‍ കപ്പിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. ഹോപ്മാന്‍ കപ്പില്‍ ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സ്, ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്കെ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു വിട്ട ഫെഡ് എക്സ്പ്രസിന് അടിപതറിയത് ജര്‍മനിയുടെ പുത്തന്‍ താരോദയം അലക്സാണ്ടര്‍ സ്വരേവിനു മുന്നില്‍ മാത്രം. 37-ാം വയസില്‍ കെന്‍ റോസ് വാളിന് ഗ്രാന്‍ഡ്സ്ലാം നേടാമെങ്കില്‍ ഇതിഹാസതാരം ഫെഡറര്‍ക്കും കിരീടം ചൂടാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കളിമണ്‍കോര്‍ട്ടിലെ രാജകുമാരന് റാഫേല്‍ നദാലിനും ഇത് പ്രതീക്ഷയുടെ വര്‍ഷമാണ്. സീസണു മുന്നോടിയായി അബുദാബിയില്‍ നടന്ന മുബദാലാ പ്രദര്‍ശന ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞാണ് നദാല്‍ പ്രതീക്ഷകള്‍ സജീവമാക്കുന്നത്. കഴിഞ്ഞ സീസണില്‍ മോണ്ടി കാര്‍ലോ ഓപ്പണിലും ബാഴ്സലോണ ഓപ്പണിലും മാത്രമാണ് നദാലിന് വിജയം കൊയ്യാനായത്. എന്നാല്‍ ഡബിള്‍സില്‍ നദാല്‍ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്ത വര്‍ഷമായിരുന്നു 2016. ഇതൊക്കെയാണെങ്കിലും 14 ഗ്രാന്‍ഡ്സ്ലാം സ്വന്തമായുള്ള നദാലിന് 15-ാം കിരീടം നേടണമെങ്കില്‍ കുറച്ചു വിയര്‍പ്പൊഴുക്കേണ്ടി വരും.
നിലവിലെ ഒന്നാം നമ്പറും ഒളിമ്പിക് ചാമ്പ്യനുമായിരുന്ന ആന്‍ഡി മുറെയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2016, ഒളിമ്പിക് സ്വര്‍ണത്തിനു പുറമേ വിംബിള്‍ഡണ്‍, എടിപി ടൂര്‍ ഫൈനല്‍സ് കീരിടങ്ങളും മുറേയുടെ ഷോക്കേസിന് അലങ്കാരമായി. എന്നാല്‍ പുതുവര്‍ഷം മുറേയ്ക്ക് അത്ര ശുഭകരമല്ല. മുബദാല പ്രദര്‍ശന ടൂര്‍ണമെന്റിന്റെ സെമിയില്‍ െബല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനോടു പരാജയപ്പെട്ടത് മുറേയ്ക്കു തിരിച്ചടിയായി. ഖത്തര്‍ ഓപ്പണില്‍ ഫൈനലിലെത്തിയെങ്കിലും നോവാക് ജോക്കോവിച്ചിനു മുമ്പില്‍ പരാജയപ്പെട്ടു.
ജോക്കോവിച്ച് ചരിത്രനേട്ടത്തിന് അരികേ
സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍താരം നൊവാക് ജോക്കോവിച്ചിന് പുതുവര്‍ഷം പ്രതീക്ഷയുടേതാണ്. ഖത്തര്‍ ഓപ്പണ്‍ ഫൈനലില്‍ മുറേയെ പരാജയപ്പെടുത്തി കിരീടം നേടിയത് സെര്‍ബ് താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ്. ഈ വിജയത്തോടെ ടൂര്‍ ഫൈനല്‍സിലെ തോല്‍വിക്കു മധുര പ്രതികാരം വീട്ടാനും ജോക്കോവിച്ചിനായി. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലുണ്ടായ കുതിപ്പ് നില നിര്‍ത്താന്‍ കഴിയാതെ പോയതായിരുന്നു ജോക്കോവിച്ചിന് വിനയായത്. ഓസ്ട്രേലിയന്‍,ഫ്രഞ്ച് ഓപ്പണുകള്‍ നേടിയ ജോക്കോവിച്ച് കരിയര്‍ ഗ്രാന്‍ഡ്സ്ലാം തികയ്ക്കുന്ന എട്ടാമത്തെ പുരുഷ താരമാവുകയും ചെയ്തു
വനിതാ വിഭാഗത്തില്‍ ഇതിഹാസ താരം സെറീനാ വില്യംസ് കഴിഞ്ഞ വര്‍ഷത്തെ കിരീടനഷ്ടം നികത്താനുദ്ദേശിച്ചാവും കളത്തിലിറങ്ങുക. കഴിഞ്ഞ വര്‍ഷം നിലവിലെ ഒന്നാം നമ്പര്‍ ആഞ്ചലിക് കെര്‍ബറിന് കിരീടം അടിയറ വച്ച സെറീന വിംബിള്‍ഡണില്‍ കെര്‍ബറെ വീഴ്ത്തി 22-ാം ഗ്രാന്‍ഡ്സ്്ലാം നേടി. പിന്നീട് പരിക്ക് സെറീനയെ വലച്ചു. ഒന്നാം നമ്പര്‍ നഷ്ടമാവുകയും ചെയ്തു. ഇക്കുറി കിരീടം നേടി ഒന്നാം നമ്പര്‍ തിരിച്ചു പിടിക്കുകയായിരിക്കും സെറീനയുടെ ലക്ഷ്യം.
റിയോ ഒളിമ്പിക്സില്‍ അപ്രതീക്ഷമായി വെള്ളിയിലൊതുങ്ങി എന്നതു മാത്രമായിരുന്നു കെര്‍ബറിന് സംഭവിച്ച നഷ്ടം. എന്നാല്‍ പുതുവര്‍ഷം കെര്‍ബറിന് കയ്പു നിറഞ്ഞതായിരുന്നു. സിഡ്നി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ലോക 26-ാം നമ്പര്‍ റഷ്യയുടെ ഡാരിയ കസാറ്റ്കിനയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. അതും ആദ്യ റൗണ്ടില്‍.
ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്പെയിനിന്റെ ഗാര്ബിന് മുഗുരുസ, യു.എസ് ഓപ്പണ്‍ ഫൈനലിസ്റ്റായ ചെക് താരം കരോളിനാ പ്ലിസ്കോവ എന്നിവരും പ്രതീക്ഷയിലാണ്. ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണലിലെ കിരീടനേട്ടത്തോടെ പ്ലിസ്ക്കോവ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടപ്പോരാട്ടം കടുക്കും എന്ന സൂചനയാണ് നല്‍കുന്നത്. ലോക നാലാം നമ്പര്‍ റൊമാനിയയുടെ സിമോണാ ഹാലെപും കിരീട പ്രതീക്ഷ കൈവിട്ടിട്ടില്ല. ആറാം നമ്പര്‍ സ്ലൊവാക്യയുടെ ഡൊമിനിക്ക ചിബുല്‍ക്കോവ, അമേരിക്കയുടെ ലോക എട്ടാം നമ്പര്‍ മാഡിസണ്‍ കീസ് എന്നിവരും പോരാട്ടത്തിനൊരുങ്ങിത്തന്നെയാണ് കോര്‍ട്ടിലിറങ്ങുക. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ ബ്രിട്ടീഷ് താരം ജോഹാന്നാ കൊന്റ, രണ്ടുവട്ടം വിംബിള്‍ഡൺ ചാമ്പ്യനായ ചെക് താരം പെട്രാ ക്വിറ്റോവ എന്നിവരും മത്സരച്ചൂട് കൂട്ടും.
സാനിയ സഖ്യം
ഡബിള്‍സില്‍ ഇറങ്ങുന്ന ഇന്ത്യന്‍ താരം സാനിയ മിര്‍സയും തികഞ്ഞ പ്രതീക്ഷയിലാണ് ബ്രിസ്ബെയ്നില്‍ കിരീടനേട്ടത്തോടെയാണ് സാനിയ പുതുവര്‍ഷം ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സ് കിരീടം നേടിയ സാനിയ ഇക്കുറി ചെക്് താരം ബാര്‍ബറാ സ്ട്രൈക്കോവയ്ക്കൊപ്പമാണ് കളത്തിലിറങ്ങുക. മിക്സഡ് ഡബിള്‍സില്‍ സെമിയിലെത്താനും സാനിയയ്ക്കായിരുന്നു. ഇതിഹാസ താരം ലിയാൻഡര്‍ പെയ്സും രോഹണ്‍ ബൊപ്പണ്ണയും മത്സരിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്കു പ്രതീക്ഷകളേറെയാണ്.
ഏതാനും വര്‍ഷമായി വില്ലനാവാറുള്ള ചൂട് താരങ്ങളെ ഇക്കുറിയും വലയ്ക്കുമെന്നാണ്ആശങ്ക. ചൂടു മൂലം മത്സരത്തിനിടെ താരങ്ങള്‍ പിന്മാറുന്നത് ഓസ്ട്രേലിയന്‍ ഓപ്പണിലെ പതിവു കാഴ്ചയാണ്. പല മത്സരങ്ങളും നീണ്ടു പോകുന്നതിനു പിന്നിലും കളിക്കുന്നത് സൂര്യന് തന്നെ. പോരാട്ടച്ചൂടില്‍ താരങ്ങള്‍ അതിനെയെല്ലാം മറികടക്കുമെന്ന് പ്രതീക്ഷിക്കാം.
അജിത് ജി. നായര്‍