കേരളത്തിൽ കുട്ടികൾക്കായി സർക്കാർ രണ്ട് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഒന്ന് സംസ്ഥാന സ്കൂൾ കലോത്സവം, മറ്റൊന്ന് സംസ്ഥാന സ്കൂൾ കായികമേള. കലോത്സവ വേദിയിൽ റോസ് പൗഡറിന്റെ സുഗന്ധമാണുള്ളത്, അതിന്റെ വേദികൾ പ്രകാശപൂരിതവും ചന്തമുള്ളതുമാണ്.
എന്നാൽ, കായിക മേളയിൽ ഉള്ളതോ വേദനാ സംഹാര സ്പ്രേകളുടെ മൂക്കുതുളയ്ക്കുന്ന ഗന്ധവും വിയർപ്പും വെയിലേറ്റു ചൂട് വമിക്കുന്ന ട്രാക്കും ഫീൽഡും മൈതാനങ്ങളും. ഒരു പ്രമുഖ പരിശീലകന്റെ വാക്കുകളാണിത്. കായിക ലോകത്തിന്റെ കടുപ്പം നിറഞ്ഞ യാഥാർഥ്യങ്ങളിലേക്കുള്ള സൂചകമാണ് ഈ വാക്കുകൾ. ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കയുടെ ഉസൈൻ ബോൾട്ടിനും പറയാനുള്ളത് ബാല്യത്തിലെ ദുരിതവഴികളെക്കുറിച്ചുതന്നെ.
വീടില്ലാത്തതും കഷ്ടതകൾ അനുഭവിക്കുന്നതുമായ കേരള കായിക താരങ്ങളുടെ കഥകൾക്ക് പഴക്കമേറെ… അതെല്ലാം മറികടന്ന് കഠിനാധ്വാനത്തിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മെഡലുകൾ നേടിയാലും അവരുടെ കഷ്ടതകൾ അവസാനിക്കില്ല. കാരണം, ചോരനീരാക്കി നാടിനായി നേടിയ നേട്ടങ്ങൾക്ക് അർഹമായൊരു ജോലി എന്ന കടന്പയ്ക്കു മുന്നിൽ അവർ പകച്ചുപോകുന്നു… കളത്തിനു പുറത്തെ കേരള കായിക ജീവിതങ്ങളുടെ ഇത്തരം ദുരനുഭവങ്ങൾ ഇനിയും തുടരും. അതിനു കാരണം, സംസ്ഥാന സർക്കാരിന്റെ പരിമിതികളാണ്.
സർക്കാരിന് എന്തു ചെയ്യാം
കായിക മേഖലയിൽ നേട്ടമുണ്ടാക്കുന്നവർക്ക് ജോലി നല്കുക എന്ന മഹാദൗത്യമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്നത്. ജോലി അനിവാര്യമായ ജീവിതപ്രശ്നമാണെന്നതും യാഥാർഥ്യം. എന്നാൽ, മെഡൽ നേടുന്ന എല്ലാ കായിക താരങ്ങൾക്കും ജോലി നല്കാൻ സർക്കാരിനു സാധിക്കില്ലെന്നതും മറ്റൊരു വസ്തുതയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ ആവശ്യകത ഉയർന്നുവരുന്നത്. പോലീസ്, സെക്രട്ടേറിയറ്റ് തുടങ്ങിയ സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്കുള്ള ഇപ്പോഴത്തെ സ്പോർട്സ് ക്വോട്ട നിയമനങ്ങൾ സ്പോർട്സ് യൂണിവേഴ്സിറ്റിയിലേക്ക് വഴിതിരിച്ചുവിടാം.
അതോടെ ഭാവിയിലേക്കുള്ള കരുതൽ ധനമായി ഇന്നിന്റെ താരങ്ങൾ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ ഭാഗമായുണ്ടാകും. വരും തലമുറയ്ക്ക് വഴി തെളിക്കാൻ അവർക്കു സാധിക്കുകയും ചെയ്യും. സ്കൂൾ കായികമേളയിലൂടെ ഭാവി താരങ്ങളെ കണ്ടെത്താൻ സംസ്ഥാന സർക്കാൻ അവസരം ഒരുക്കുന്പോൾ മലയാളക്കരയുടെ അഭിമാനമാകുന്നവർക്ക് തങ്ങളുടെ പിൻഗാമികളെ വാർത്തെടുക്കാനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്.
ജോലിയിൽ എല്ലാം ശുഭമോ ?
ഒരു ജോലി ലഭിച്ചാൽ എല്ലാം ശുഭമോ…? അതെ എന്നാണ് ഇപ്പോഴത്തെ പ്രവണത തെളിയിക്കുന്നത്. കാരണം, മികവ് പുലർത്തിയ താരങ്ങളിൽ പലരും ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ കളിക്കളത്തോട് വിടപറയുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദവും അവർക്കുണ്ടെന്നതും ശ്രദ്ധേയം. ഏജീസ് ഓഫീസിൽ നിന്ന് ഫുട്ബോൾ താരം സി.കെ. വിനീതിനു രാജിവയ്ക്കേണ്ടിവന്നത് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ബാങ്കുകൾ, ഇൻഷ്വറൻസ് ഓഫീസുകൾ, സെക്രട്ടേറിയറ്റ്, വൈദ്യുത വകുപ്പ്, റെയിൽവേ, എക്സൈസ്, പോലീസ്, സൈന്യം തുടങ്ങിയ വിവിധ മേഖലകളിലാണ് കായിക താരങ്ങൾ ജോലി നോക്കുന്നത്.
കൗമാരത്തിലും യൗവനത്തിലും കളിക്കളത്തിൽ ചെലവിട്ട ഇവർ തുടർന്ന് യാന്ത്രിക ജീവിതത്തിലേക്ക് മാറുന്പോൾ അത് സർക്കാരുകളുടെ പരാജയമാണ്. കേരളത്തെ അഭിമാനപുളകിതമാക്കിയ ഈ താരങ്ങൾ ഇത്തരം യാന്ത്രിക ജോലിയിലൂടെ ഒതുങ്ങി മറയേണ്ടവരോ അതോ അടുത്ത തലമുറയെ വാർത്തെടുക്കേണ്ടവരോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനുള്ള സാഹചര്യമാണ് സ്പോർട്സ് യൂണിവേഴ്സിറ്റിയിലൂടെ തമിഴ്നാട്, ഗുജറാത്ത്, ഹരിയാന എന്നിവ നേടിയിരിക്കുന്നത്. കേരളവും അതിലേക്ക് എത്തേണ്ടിയിരിക്കുന്നു.
നിലവിലെ അവസ്ഥ
ഒരു വർഷം 50 കായിക താരങ്ങൾക്കാണ് (വ്യക്തിഗതത്തിൽ 25ഉം ടീം ഇനങ്ങളിൽ 25ഉം) സ്പോർട്സ് ക്വോട്ടയിൽ സർക്കാർ നിയമനം നല്കേണ്ടത്. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഇരുന്നൂറോളം താരങ്ങൾക്ക് ഈ സർക്കാർ നിയമനം നല്കിയിട്ടുണ്ട്.
ഹോക്കിയിൽ ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ അഭിമാനമായിരുന്ന വി.ഡി. ശകുന്തള മുതൽ സി.കെ. വിനീത് വരെയുള്ളവർക്ക് ഇ.പി. ജയരാജൻ കായികവകുപ്പ് മന്ത്രിയായതോടെ ജോലി നല്കി. വോളിബോൾ താരം സി.കെ. രതീഷ്, കബഡി താരം പി.കെ. രാജിമോൾ, സ്പെഷൽ ഒളിന്പിക്സിൽ പങ്കെടുത്ത പി.കെ. ഷൈഭൻ തുടങ്ങിയവർക്കെല്ലാം സർക്കാർ ജോലി നല്കി.
നാളെ (അവസരങ്ങളുടെ കോടിക്കിലുക്കം)
നമ്മൾക്കും വേണം സർവ കായിക ശാല -2 / അനീഷ് ആലക്കോട്