ഇന്ത്യയിൽ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വ്യാവസായ മേഖലയാണ് സ്പോർട്സ്. 2022 ആകുന്പോഴേക്കും 700-1000 കോടി രൂപയുടെ വ്യവസായിക മേഖലയായി ഇന്ത്യൻ കായിക രംഗം മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതോടെ രാജ്യത്തെ ആകെയുള്ളതിൽ അഞ്ച് ശതമാനം തൊഴിൽ അവസരങ്ങൾ സ്പോർട്സ് മേഖലയിൽനിന്നാകും. ഇത്രയും അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു മേഖലയിലേക്ക് കേരളവും തങ്ങളുടെ വ്യാവസായിക കണ്ണ് സ്പോർട്സ് യൂണിവേഴ്സിറ്റിയിലൂടെ തുറന്നു വയ്ക്കേണ്ടതുണ്ട്.
കാരണം, “നമ്മൾക്കും വേണം സർവകായികശാല’’ എന്ന ഈ പരന്പരയ്ക്കിടെയും മറ്റു സംസ്ഥാനങ്ങൾ ഇത്തരമൊരു സംരംഭത്തിലേക്ക് ചുവടെടുത്തുവയ്ക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നു. തമിഴ്നാട്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ പഞ്ചാബും അടുത്ത മാസം മുതൽ സ്പോർട്സ് യൂണിവേഴ്സിറ്റി ഉള്ളവരായി തീരുമെന്നാണ് റിപ്പോർട്ട്. കൂടുതൽ സംസ്ഥാനങ്ങൾ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ സാധ്യത മനസിലാക്കുന്പോൾ ഈ മേഖലയിൽ കേരളം പിന്തള്ളപ്പെടരുത്.
വ്യാവസായിക മുഖം
കായിക മേഖലയുടെ വ്യാവസായിക മുഖമാണ് കേരളത്തിലടക്കം ഇപ്പോൾ പ്രതിഫലിക്കുന്നത്. 2010വരെ രണ്ട് ലീഗുകൾ (ഐപിഎൽ, ഐ ലീഗ്) മാത്രമുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ, തുടർന്ന് 11 ലീഗുകൾ ജന്മമെടുത്തു. ഹോക്കി ഇന്ത്യ ലീഗ്, സൂപ്പർ ഫൈറ്റ് ലീഗ്, ഐഎസ്എൽ, പ്രീമിയർ ഫുട്സാൽ ലീഗ്, പ്രൊ കബഡി, പ്രൊ റെസ് ലിംഗ്, പ്രീമിയർ ബാഡ്മിന്റണ് ലീഗ്, പ്രീമിയർ ടെന്നീസ് ലീഗ് തുടങ്ങി കഴിഞ്ഞ വർഷം പ്രൊ വോളിബോൾ ലീഗ് വരെ എത്തി ഇന്ത്യൻ കായിക മേഖലയുടെ വ്യാവസായിക വളർച്ച.
കോടികൾ മുടക്കുള്ളതും വിദേശ താരങ്ങൾ അണിനിരക്കുന്നതുമാണ് ലീഗുകളിൽ മിക്കതും. വരുംവർഷങ്ങളിലായി പോളോ ലീഗ്, ബീച്ച് വോളി ലീഗ്, സെയ്ലിംഗ് ലീഗ് തുടങ്ങിയവയും വരുമെന്നാണ് സൂചനകൾ.കളിയെന്നാൽ ക്രിക്കറ്റ് മാത്രം എന്ന സങ്കൽപ്പമാണ് പൊളിച്ചെഴുതപ്പെട്ടത്. സാങ്കേതിക വിദ്യയുടെയും സ്പോർട്സ് മാനേജ്മെന്റ് & മാർക്കറ്റിംഗിന്റെയും ഗുണഫലമാണിത്.
നഗരങ്ങളിൽനിന്ന് കായിക മേഖലയുടെ വ്യാവസായിക വേരുകൾ ഗ്രാമങ്ങളിലേക്കുമെത്തി. അതിൽത്തന്നെ കായിക പ്രേക്ഷകരിൽ സ്ത്രീ-പുരുഷ അന്തരം കുറഞ്ഞു. കൂടുതൽ സ്ത്രീകൾ സ്പോർട്സ് പ്രേക്ഷകരായതായി പഠനം വ്യക്തമാക്കുന്നു. ഐപിഎൽ, ഐഎസ്എൽ, പ്രൊ കബഡി ലീഗിൽ സ്ത്രീ പ്രേക്ഷകർ ആകെയുള്ളതിന്റെ 38 ശതമാനമായി ഉയർന്നു.
സ്പോർട്സ് യൂണിവേഴ്സിറ്റി എന്തിന്
എന്തിനാണ് ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി…? ഏതെലും യൂണിവേഴ്സിറ്റികളിൽ ഇത്തരം കോഴ്സുകൾ ആരംഭിച്ചാൽപോരേ…? തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നേക്കാം. അത്തരം കോഴ്സുകൾ നല്കുന്നവർ ഇവിടെത്തന്നെ ഉണ്ടല്ലോ എന്നും സംശയമുണ്ടാകും.
എന്നാൽ, അത്തരമൊരു ക്യാന്പസ് അല്ല മറ്റ് സംസ്ഥാനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഒരു യൂണിവേഴ്സിറ്റി ഒന്നടങ്കം കായിക മേഖലയിലെ അനവധിയായ അവസരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുകയാണ്. കളത്തിനു പുറത്ത് കായികമേഖല മുന്നോട്ടുവയ്ക്കുന്ന ഇത്തരം അവസരങ്ങൾ കണ്ടില്ലെന്നു നടിക്കാതിരിക്കുകയാണ് അതിന് ആദ്യം വേണ്ടത്.
ദ്രുതഗതിയിൽ വളരുന്ന കായിക മേഖലയിൽ കേരളവും ഭാഗഭാക്കാകേണ്ടതുണ്ട്. സ്പോർട്സ് മാനേജ്മെന്റ് & മാർക്കറ്റിംഗ്, സ്പോർട്സ് സൈക്കോളജി, എൻജിനിയറിംഗ്, സ്പോർട്സ് മെഡിസിൻ, ന്യൂട്രീഷൻ, ലീഗൽ, ഫിസിഷൻ, ടീം മാനേജേഴ്സ് തുടങ്ങി വിവിധ മേഖലകളിലേക്ക് വിരൽചൂണ്ടുന്ന ഒരു കംപ്ലീറ്റ് സ്പോർട്സ് യൂണിവേഴ്സിറ്റിക്ക് അതു സാധ്യമാകും. ഒപ്പം കായിക താരങ്ങൾക്ക് കായിക മേഖലയിൽത്തന്നെ പിഎച്ച്ഡി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസത്തിനും വഴിതെളിക്കാം. സ്പോർട്സിലെ വിവിധ ഇടങ്ങളിൽ തൊഴിലവസരങ്ങൾ അനന്തമാണെന്നതും വിസ്മരിച്ചുകൂടാ.
വളർച്ചയുടെ പാത
ഇന്ത്യൻ കായിക മേഖലയുടെ വളർച്ച ടിവി, ഇന്റർനെറ്റ് വ്യൂവർഷിപ്പ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച പ്രൊ വോളിബോൾ ലീഗിനു ലഭിച്ചത് അസാമാന്യ സ്വീകരണമാണ്. കോഴിക്കോട്, കൊച്ചി നഗരങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ടീമുകളാണ് പ്രോ വോളിബോളിൽ കേരളത്തിൽ നിന്നുണ്ടായിരുന്നത്. 1.43 കോടി ആളുകളാണ് ടെലിവിഷനിലൂടെ വോളി ലീഗ് കണ്ടത്.
ഓണ്ലൈനിലൂടെ ഐപിഎൽ കാണുന്നത് 11 കോടി ആളുകളാണ്. ഇന്ത്യൻ സൂപ്പർ ലീഗിന് 3.2 കോടിയും പ്രൊ കബഡി ലീഗിന് 2.6 കോടിയും ഓണ്ലൈൻ സ്വീകർത്താക്കളുണ്ട്.
നമ്മൾക്കും വേണം സർവ കായിക ശാല-3 / അനീഷ് ആലക്കോട്