തൊടുപുഴ: ഒട്ടേറെ ദേശീയ, അന്തർദേശീയ കായികതാരങ്ങളെ പരുക്കിൽനിന്നു മോചിതരാക്കി കളിക്കളത്തിലേക്ക് മടക്കിയെത്തിച്ച ജില്ലാ ആയുർവേദ ആശുപത്രിയുടെ ഭാഗമായ തൊടുപുഴ സ്പോർട്സ് ആയുർവേദ റിസർച്ച് സെല്ലിലേക്ക് വീണ്ടും താരങ്ങളുടെ ഒഴുക്ക്. മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയതോടെ നിരവധി കായികതാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ സാർക്കിലേക്ക് എത്തുന്നത്. നിലവിൽ ദേശീയ അന്തർദേശീയ കായികതാരങ്ങളും പരിശീലകരും ഉൾപ്പെടെ സ്പോർട്സുമായി ബന്ധപ്പെട്ട 14 ഓളം പേർ ഒരുമിച്ച് ചികിത്സ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യൻ നേവിയുടെ വോളിബോൾ ടീം പരിശീലകൻ രാജേഷ് കുമാർ, മുൻ ദേശീയ വനിതാ ഫുട്ബോൾ താരവും കോച്ചുമായ എ.എൽ. മറീന, ദേശീയ താരവും ബാഡ്മിന്റണ്‍ കോച്ചുമായ ജെ. സന്തോഷ്, കബഡി താരം ജിലൂപ് ജോസ്, ആൻ മരിയ ടെറിൻ -ഹാമർ ത്രോ, അൽഫോൻസാ ട്രീസാ ടെറിൻ -100, 200 മീറ്റർ അത്ലറ്റ്, സംസ്ഥാന കായികതാരങ്ങളായ എസ്. സൂരജ് -ഫുട്ബോൾ, കെ.വി. ശ്രീനന്ദ -അത്ലറ്റ്, അനുരാഗ് ടി. അനിൽ -ക്രിക്കറ്റ്, ജില്ലാതല മത്സരാർഥികളായ പി.വി. അശ്വിൻ -തായ്ക്കൊണ്ടോ, മുഹമ്മദ് ഫൗഷാൽ, ഷെയ്ൻ ബെന്നറ്റ് -ഫുട്ബോൾ എന്നിവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സൂപ്രണ്ട് ഇൻ-ചാർജും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. എസ്. ശ്രീജയുടെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ 17 ഡോക്ടർമാരുടെയും സേവനം സാർക്കിൽ ലഭിക്കും. ആയുഷ് മിഷൻ ഡിപിഎം ഡോ. കെ.എസ്. ശ്രീദർശന്റെ ഏകോപനവും സാർക്കിന്റെ പ്രവർത്തനങ്ങളിലുണ്ട്. മർമവിഭാഗം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസറായ ഡോ. ആർ. വിനീതാണ് തൊടുപുഴ സാർക്കിന്റെ കണ്‍വീനർ.
ജില്ലാ ആശുപത്രിയിലെ പഞ്ചകർമ വിഭാഗം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ആർ. സതീഷിനു പുറമേ ഡോ. മിനു റോസമ്മ ജോസഫ്, ഡോ. അനുപ്രിയ പി. മണി, ഡോ. അരുണ്‍ രാജേന്ദ്രൻ എന്നിവരാണ് ഇവിടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. ഫിസിയോ തെറാപ്പിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ഒരു ടീം തന്നെ സാർക്കിൽ സേവന സന്നദ്ധരായുണ്ട്.
സംസ്ഥാന സർക്കാരിന്റെ കീഴിൽ ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് സാർക്കിന്റെ പ്രവർത്തനം. ഏതാനും വർഷം മുന്‍പ് റവന്യൂ വകുപ്പിൽനിന്നനുവദിച്ച സ്ഥലത്ത് ഡീൻ കുര്യാക്കോസ് എംപി മുഖേന കേന്ദ്ര ആയുഷ് മിഷനിൽനിന്നുള്ള ഒരു കോടി രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
ഓഫീസ്, ഒപി, പെണ്‍കുട്ടികൾക്കും ആണ്‍കുട്ടികൾക്കും പ്രത്യേകം വാർഡുകൾ, എക്സിക്യൂട്ടീവ് ഡീലക്സ് മുറികൾ, യോഗാ ഹാൾ, സ്പോർട്സ് ഫിസിയോ തെറാപ്പി പഞ്ചകർമ തെറാപ്പി യൂണിറ്റ്, മൾട്ടി ജിം, റിക്രിയേഷൻ ഏരിയാ, സ്പോർട്സ് ലൈബ്രറി, കാന്റീൻ, പാർക്കിംഗ് ഏരിയാ എന്നീ സൗകര്യങ്ങളോടെ അഞ്ച് നിലകളിലായി കിടത്തി ചികിത്സ ഉൾപ്പെടെ നടത്താനാകും വിധമാണ് പുതിയ മന്ദിരം വിഭാവനം ചെയ്തിരിക്കുന്നത്.
രാജ്യത്തുതന്നെ കായിക താരങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന ഇടമാണ് തൊടുപുഴയിലെ സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ. 2009-10 കാലത്താണ് തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയോട് ചേർന്ന് സാർക്കിന്റെ പ്രവർത്തനം തുടങ്ങിയത്. ഇതിനോടകം ഇവിടെനിന്ന് ആയിരത്തിലധികം താരങ്ങൾ വിജയകരമായി ചികിത്സ പൂർത്തിയാക്കി മടങ്ങിയിട്ടുണ്ട്.