തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്.
വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാർഡിൽ തന്നെ ബുക്ക് ചെയ്യണമെന്നാണ് നിർദേശം.
വാക്സിൻ വിതരണത്തിനായി വാർഡ് തലത്തിൽ മുൻഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്സിൻ പകുതി ഓൺലൈൻ രജിസ്ട്രേഷൻ വഴിയും പകുതി സ്പോട്ട് രജിസ്ട്രേഷൻ വഴിയും ബുക്ക് ചെയ്യണം.
60 വയസ് കഴിഞ്ഞവർക്കും 18 വയസ് കഴിഞ്ഞ കിടപ്പ് രോഗികൾക്കും രണ്ടാം ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷനിലൂടെ ലഭിക്കും.
താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന് പുറത്തെ വാക്സിനേഷൻ കേന്ദ്രത്തിൽ സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് തടസമില്ല. എന്നാൽ അതത് തദ്ദേശ സ്ഥാപനങ്ങളിലുള്ളവർക്കാകും മുൻഗണന.
സർക്കാർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷനിലൂടെ ലഭിക്കും.
മറ്റുള്ളവരെല്ലാം കോവിൻ പോർട്ടലിനൊപ്പം തദ്ദേശ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്യണം.